കെപിഎല്‍:  ഗോള്‍ഡന്‍ ത്രെഡ്സിനെ വീഴ്ത്തി കാലിക്കറ്റ് എഫ്സി
 



കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗ് 2025-26 സീസണിലെ സൂപ്പര്‍ 8 ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഉജ്ജ്വല തിരിച്ചുവരവിലൂടെ ആവേശജയം സ്വന്തമാക്കി കാലിക്കറ്റ് എഫ്സി. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഗോള്‍ഡന്‍ ത്രെഡ്സ് എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. പകരക്കാരായി ഇറങ്ങിയ താരങ്ങള്‍ കളംനിറഞ്ഞ മത്സരത്തില്‍ കാലിക്കറ്റിനായി ആന്റണി പൗലോസ് (51'), യോട്ടോ ലോഹെ (90+3') എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, ഗോള്‍ഡന്‍ ത്രെഡ്സിന്റെ ഏക ഗോള്‍ ബിബിന്‍ അജയന്റെ (4') വകയായിരുന്നു. മൂന്നു ഗോളുകളും പിറന്നത് സെറ്റ് പീസുകളില്‍ നിന്നായിരുന്നു.

മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ബിബിന്‍ അജയനിലൂടെ ഗോള്‍ഡന്‍ ത്രെഡ്സ് മത്സരത്തില്‍ മുന്നിലെത്തി. ഇടത് വിങ്ങില്‍ ടച്ച് ലൈനിനു തൊട്ടുമുന്നില്‍ ലഭിച്ച ഫ്രീകിക്ക് എടുത്ത ബിബിന് ഒട്ടും പിഴച്ചില്ല. വളഞ്ഞുയര്‍ന്ന പന്ത്, ഉയര്‍ന്നു ചാടിയ ഗോളിയെയും മറികടന്ന് നേരെ വലയില്‍ പതിച്ചതോടെ ഗോള്‍ഡന്‍ ത്രെഡ്സ് അപ്രതീക്ഷിത ലീഡ് നേടി.

മഴ മൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ച മത്സരത്തില്‍, വര്‍ധിച്ച വീര്യത്തോടെയാണ് രണ്ടാം പകുതിയെ കാലിക്കറ്റ് എഫ്സി സമീപിച്ചത്. ഇതിന്റെ ഫലം 51-ാം മിനിറ്റില്‍ സമനില ഗോളായി അവര്‍ക്ക് ലഭിച്ചു. ഗോള്‍ഡന്‍ ത്രെഡ്സിന്റെ ഗോള്‍ പിറന്ന അതേ സ്ഥാനത്ത് നിന്നും ഫ്രീകിക്കെടുത്ത കാലിക്കറ്റിന്റെ ലാല്‍സ്വമ്പ്യൂയ, പന്ത് കൃത്യമായി ബോക്‌സില്‍ ആന്റണിക്ക് നല്‍കി. ബോക്‌സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ആന്റണി, ക്ലോസ് റേഞ്ചില്‍ നിന്നുള്ള മനോഹരമായ ഷോട്ടിലൂടെ പന്ത് വലയിലേക്ക് വഴിതിരിച്ചുവിട്ടു.

മിനിറ്റുകള്‍ക്ക് ശേഷം കോഴിക്കോടന്‍ ക്ലബ്ബിന്റെ ബോക്‌സിനു മുന്നില്‍ വെച്ച് ഗോള്‍ഡന്‍ ത്രെഡ്സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് തടുത്തിട്ട് ബിഷോര്‍ജിത് ഒരിക്കല്‍ കൂടി കാലിക്കറ്റ് എഫ്സിയുടെ രക്ഷകനായി മാറി. മത്സരത്തിലുടനീളം മികച്ച സേവുകളുമായി താരം വല കാത്തത് കാലിക്കറ്റിന് നിര്‍ണായകമായി.

രണ്ടാം പകുതിയില്‍ താളം കണ്ടെത്തിയതോടെ എതിര്‍ നിരയുടെ ഗോള്‍മുഖത്തേക്ക് കാലിക്കറ്റ് എഫ്സിയുടെ മുന്നേറ്റങ്ങള്‍ ഇരച്ചുകയറി. പലതവണ അവര്‍ ഗോളിനടുത്തെത്തിയെങ്കിലും, ഷോട്ടുകള്‍ ലക്ഷ്യം കാണാതിരുന്നത് ടീമിനെ നിരാശയിലാഴ്ത്തി.

എന്നാല്‍, ഇഞ്ചുറി സമയത്തേക്ക് മത്സരം കടന്നതോടെ കാലിക്കറ്റ് എഫ്സിയുടെ ആവേശകരമായ വിജയഗോള്‍ പിറന്നു. ലാല്‍സ്വമ്പ്യൂയ എടുത്ത കോര്‍ണര്‍കിക്ക് ഹെഡ് ചെയ്ത് വലയിലേക്ക് തിരിച്ചുവിട്ട യോട്ടോ ലോഹെയിലൂടെ കാലിക്കറ്റ് സൂപ്പര്‍ എട്ടിലെ തങ്ങളുടെ ആദ്യ ജയം അവിസ്മരണീയമാക്കി.

നാളെ കെഎസ്ഇബിക്ക് എതിരെയാണ് സൂപ്പര്‍ എട്ടില്‍ കാലിക്കറ്റ് എഫ്സിയുടെ അടുത്ത മത്സരം.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media