ദില്ലി: ലെബനനിലെ ഇസ്രായേല്‍ ആക്രമണങ്ങളിലും അമേരിക്കയുടെ നയതന്ത്ര വഞ്ചനയിലും പ്രതിഷേധിച്ച് ഇറാന്‍ സൈന്യം ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടയ്ക്കുന്നതിന് തൊട്ടുമുന്‍പ്, 94 ഇന്ത്യന്‍ നാവികരുമായി മൂന്ന് കൂറ്റന്‍ ഇന്ത്യന്‍ അസംസ്‌കൃത എണ്ണക്കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോയി. ശനിയാഴ്ച പകല്‍ സമയത്താണ് നാടകീയമായ ഈ നീക്കം നടന്നത്. കപ്പലുകള്‍ നിലവില്‍ ഇന്ത്യയിലേക്ക് യാത്ര തുടരുകയാണെന്ന് കേന്ദ്ര തുറമുഖ-കപ്പല്‍ ഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ സ്ഥിരീകരിച്ചു.
ബ്ലൂംബെര്‍ഗ് പുറത്തുവിട്ട കപ്പല്‍ ട്രാക്കിങ് വിവരങ്ങള്‍ പ്രകാരം 'ദേശ് വിഭോര്‍' എന്ന കപ്പല്‍ കടലിടുക്കിലൂടെ നീങ്ങുന്നതിനിടെ യുഎസ് സൈന്യത്തിന്റെ നിര്‍ദ്ദേശപ്രകാരം തെക്കന്‍ പാതയിലേക്ക് തിരിഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇറാന്‍ തീരത്തേക്ക് തന്നെ മടങ്ങുകയായിരുന്നു. ഒടുവില്‍ അതീവ സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ മറികടന്ന് 'ദേശ് വൈഭവ്', 'ദേശ് വിഭോര്‍', 'സന്‍മാര്‍ ഹെറാള്‍ഡ്' എന്നീ മൂന്ന് ഇന്ത്യന്‍ ടാങ്കറുകളും അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ പ്രവേശിച്ചു. ഈ കപ്പലുകളിലായി ആകെ 860,000 ടണ്ണിലധികം അസംസ്‌കൃത എണ്ണയുണ്ടെന്നും ജൂണ്‍ 24 നും ജൂലൈ 1 നും ഇടയില്‍ ഇവ ഇന്ത്യയിലെത്തുമെന്നും മന്ത്രി അറിയിച്ചു.
'ദേശ് വൈഭവ്', 'ദേശ് വിഭോര്‍' എന്നിവ ജൂണ്‍ 24-ന് ഗുജറാത്തിലെ വാഡിനാര്‍, സിക്ക തുറമുഖങ്ങളിലും, ഏറ്റവും ഒടുവില്‍ കടലിടുക്ക് പിന്നിട്ട 'സന്‍മാര്‍ ഹെറാള്‍ഡ്' ജൂലൈ 1-ന് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുമെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്കും നാവികരുടെ സുരക്ഷയ്ക്കും സര്‍ക്കാര്‍ അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്ന് സോനോവാള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പത്ത് ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.