വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കെ, ഇറാന് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കൈമാറാന്‍ ചൈന തയ്യാറെടുക്കുന്നതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ ആയുധങ്ങള്‍ ഇറാന്റെ കൈവശമെത്തുമെന്നാണ് മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് ഇടനിലനിന്നത് തങ്ങളാണെന്ന് അവകാശപ്പെട്ട ചൈനയുടെ ഈ നീക്കം വലിയ നയതന്ത്ര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതപ്പെടുന്നു.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ച നടത്താന്‍ അടുത്ത മാസം ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വെടിനിര്‍ത്തല്‍ കാലയളവ് തങ്ങളുടെ ആയുധശേഖരം പുതുക്കാന്‍ ഇറാന്‍ ഉപയോഗിക്കുന്നുവെന്ന സംശയത്തെ ഇത് ബലപ്പെടുത്തുന്നു. ആയുധങ്ങളുടെ യഥാര്‍ത്ഥ ഉറവിടം മറച്ചുവെക്കുന്നതിനായി മൂന്നാം രാജ്യങ്ങള്‍ വഴി ഇവ എത്തിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'മാന്‍പാഡ്‌സ്' എന്നറിയപ്പെടുന്ന തോളില്‍ വെച്ച് തൊടുക്കാവുന്ന മിസൈലുകളാണ് ചൈന നല്‍കാന്‍ ഒരുങ്ങുന്നത്. അഞ്ച് ആഴ്ച നീണ്ടുനിന്ന യുദ്ധത്തില്‍ യുഎസ് വിമാനങ്ങള്‍ക്ക് വലിയ ഭീഷണിയായിരുന്നു ഇത്തരം മിസൈലുകള്‍.
റിപ്പോര്‍ട്ട് തള്ളി ചൈന
അതേസമയം, ഈ ആരോപണങ്ങള്‍ വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് നിഷേധിച്ചു. തങ്ങള്‍ ഒരു പക്ഷത്തിനും ആയുധങ്ങള്‍ നല്‍കിയിട്ടില്ലെന്നും അന്താരാഷ്ട്ര ബാധ്യതകള്‍ നിറവേറ്റുന്ന ഉത്തരവാദിത്തമുള്ള രാജ്യമാണ് ചൈനയെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും യുഎസ് പിന്മാറണമെന്നും മേഖലയിലെ പിരിമുറുക്കം കുറയ്ക്കാന്‍ ശ്രമിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവി ഈ പുതിയ സംഭവവികാസങ്ങളോടെ ആശങ്കയിലായിരിക്കുകയാണ്.