കോഴിക്കോട് നടുറോഡില്‍ യുവതിക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം;
ആസിഡൊഴിക്കുമെന്നും കത്തിക്കുമെന്നും ഭീഷണി
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം . അശോകപുരത്ത് മീന്‍കട നടത്തുന്ന ശ്യാമിലിയെയാണ് ഭര്‍ത്താവ് നിധീഷ് നടുറോഡിലിട്ട് മര്‍ദിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ടാണ് സംഭവം. അശോകപുരത്ത് റോഡരികില്‍ മീന്‍ വിറ്റുകിട്ടുന്ന പണംകൊണ്ടാണ് ശ്യാമിലിയും മൂന്ന് കുട്ടികളും ജീവിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മീന്‍വിറ്റ പണം ചോദിച്ചിട്ട് നല്‍കാത്തതിനെ തുടര്‍ന്ന് വൈകിട്ട് നിധീഷ് ശ്യാമിലിയെ മര്‍ദിക്കുന്നതിനിടെ ബന്ധുവാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ശ്യാമിലിയുടെ കടയും വാഹനവും തല്ലിപൊളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മര്‍ദനത്തില്‍ മൂക്കിനും ചെവിക്കുമാണ് ശ്യാമിലിക്ക് മുറിവേറ്റത്. യുവതിയെ ആസിഡൊഴിക്കുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഏറെക്കാലമായി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം അനുഭവിക്കുന്നതായി ശാമിലി പറഞ്ഞു. നേരത്തെ നല്‍കിയ പരാതികളിലൊന്നും തെളിവില്ലെന്ന കാരണം പറഞ്ഞ് പൊലീസ് നടപടിയെടുത്തില്ലെന്നും ശ്യാമിലി പറഞ്ഞു. ഭര്‍ത്താവിനെതിരെ നേരത്തെയും നടക്കാവ് പൊലീസില്‍ യുവതി പരാതിപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് നടപടിയെടുത്തില്ല. കഴിഞ്ഞമാസം 14 ന് സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയെങ്കിലും പരാതി കാണുന്നില്ലെന്നാണ് ഇന്നലെ പോയി അന്വേഷിച്ചപ്പോള്‍ പറഞ്ഞതെന്നും യുവതി പറഞ്ഞു. എന്നാല്‍ തന്നെ മര്‍ദ്ദിച്ചയാളുടെ പരാതി അവിടെയുണ്ടെന്നും യുവതി പറഞ്ഞു.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ നടക്കാവ് പൊലീസ് നിധീഷിനെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. വധശ്രമമടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാള്‍ വേറെയും കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.