ജിഎസ്ടി യോഗം: കോവിഡ് മരുന്നുകള്‍ക്കുള്ള ഇളവ് നീട്ടി
ലഖ്നൗ: കോവിഡ് മരുന്നുകള്‍ക്ക് ഡിസംബര്‍ 31 വരെ നികുതിയിളവ് അനുവദിക്കാന്‍ ജിഎസ്ടി യോഗം തീരുമാനിച്ചു. മരുന്നുകള്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ഉത്പന്നങ്ങള്‍ക്ക് അനുവദിച്ചിരുന്ന നികുതിയിളവ് സെപ്തംബറില്‍ അവസാനിക്കാനിരിക്കെയാണ് ജിഎസ്ടി യോഗത്തിന്റെ പുതിയ തീരുമാനം. ഇന്ത്യയില്‍ കോവിഡ് വ്യാപനം ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് ഇളവുകള്‍ നീട്ടാന്‍ ജിഎസ്ടി സമിതി തീരുമാനിച്ചത്. 45 -മത് ജിഎസ്ടി യോഗം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ലഖ്നൗവില്‍ പുരോഗമിക്കുകയാണ്. കോവിഡിന് ശേഷം ഇതാദ്യമായാണ് ജിഎസ്ടി യോഗം നേരിട്ട് ഒത്തുകൂടുന്നത്.
കൂടുതല്‍ മരുന്നുകള്‍ക്ക് നികുതിയിളവ് നല്‍കുന്നതിനൊപ്പം നിരവധി മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി ചുരുക്കാനും യോഗം അനുമതി നല്‍കി. ഡിസംബര്‍ 31 വരെയാകും മരുന്നുകള്‍ക്ക് നികുതിയിളവ് ലഭിക്കുക. ഐറ്റോലിസുമാബ്, പോസകൊണാസോള്‍, ഇന്‍ഫ്ളിക്സിമാബ്, ബാമ്ലാനിവിമാബ് & എറ്റസെവിമാബ്, കാസിരിവിമാബ് & ഐംഡെവിമാബ്, 2 ഡൈയോക്സി ഡി ഗ്ലൂക്കോസ്, ഫാവിപിരാവിര്‍ തുടങ്ങിയ മരുന്നുകള്‍ക്ക് ജിഎസ്ടി യോഗം നികുതിയിളവ് പ്രഖ്യാപിച്ചതായാണ് വിവരം.
നേരത്തെ, കോവിഡ് മരുന്നുകള്‍ക്കൊപ്പം മറ്റു നാലു മരുന്നുകള്‍ക്കും ജിഎസ്ടി യോഗം സെപ്തംബര്‍ വരെ നികുതിയിളവ് നല്‍കിയിരുന്നു. കഴിഞ്ഞ യോഗത്തില്‍ ആംഫോടെറിസിന്‍ ബി (5 ശതമാനത്തില്‍ നിന്ന് പൂജ്യം), ടോസിലിസുമാബ് (5 ശതമാനത്തില്‍ നിന്നും പൂജ്യം), റെംഡെസിവിര്‍ (12 ശതമാനത്തില്‍ നിന്ന് 5 ശതമാനം), ഹെപ്പാറിന്‍ (12 ശതമാനത്തില്‍ നിന്ന് 5 ശതമാനം) മരുന്നുകളാണ് നികുതിയിളവ് നേടിയത്.
ഇതേസമയം, സംസ്ഥാനത്തിനകത്ത് ഫാര്‍മ ഉത്പന്നങ്ങള്‍ എത്തിക്കുന്നതിന് സിക്കിം ചുമത്തിവരുന്ന 1 ശതമാനം കോവിഡ് സെസ് നിര്‍ത്തലാക്കാന്‍ ജിഎസ്ടി യോഗം ആവശ്യപ്പെട്ടു. അടുത്ത മൂന്നു വര്‍ഷത്തേക്ക് ഫാര്‍മ ഉത്പന്നങ്ങളില്‍ കോവിഡ് സെസ് ഈടാക്കാന്‍ സിക്കിമിന് അനുവാമില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. രജിസ്ട്രേഷന്‍ റദ്ദാക്കിയ നടപടി പുനഃപരിശോധിക്കുന്നതിനും റീഫണ്ട് ക്ലെയിം ചെയ്യുന്നതിനും ആധാര്‍ സ്ഥിരീകരണം നിര്‍ബന്ധമാക്കാന്‍ ജിഎസ്ടി യോഗം തീരുമാനിച്ചതായും സൂചനയുണ്ട്. നിലവിലെ നികുതിദായകരുടെ ആധാര്‍ വിവരങ്ങളുടെ സ്ഥിരീകരണം ഘട്ടംഘട്ടമായി നടത്താന്‍ കേന്ദ്രം നടപടിയെടുക്കും.
ഐജിഎസ്ടി നിയമത്തില്‍ കയറ്റുമതി സേവനങ്ങളുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന ആശയക്കുഴപ്പം പരിഹരിക്കാനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും യോഗം ഇന്ന് ചര്‍ച്ച ചെയ്യുന്നുണ്ട്. ഒപ്പം ഭക്ഷണവിതരണ കമ്പനികളായ സൊമാറ്റോ, സ്വിഗ്ഗി പോലുള്ളവയെ ഹോട്ടലുകളായി പരിഗണിക്കാനും 5 ശതമാനം ജിഎസ്ടി നികുതി ഈടാക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച നടത്തും.