നിങ്ങളുടെ മകളെ കഴിവുള്ളവളാക്കി മാറ്റുക, വിവാഹത്തിനായി ചെലവഴിക്കുന്ന പണം അവളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുക; രക്ഷിതാക്കളോട് സാമന്ത
പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ കുറിപ്പുമായി നടി സാമന്ത. വിവാഹത്തേക്കാള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അവരുടെ വിവാഹത്തിനായി ലാഭിക്കുന്ന പണം വിദ്യാഭ്യാസത്തിനായി ചെലവാക്കണമെന്നും കുറിപ്പില്‍ സാമന്ത പറയുന്നു. തന്റെ സുഹൃത്തിന്റെ കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
സാമന്തയുടെ കുറിപ്പ്
''നിങ്ങളുടെ മകളെ കഴിവുള്ളവളാക്കി മാറ്റുക, അവളെ വിവാഹം കഴിക്കാന്‍ പോകുന്നത് ആരാണെന്നോര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ട. അവളുടെ വിവാഹത്തിനായി പണം ലാഭിക്കുന്നതിന് പകരം അത് അവളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുക.
അവളെ വിവാഹത്തിന് വേണ്ടി അണിയിച്ചൊരുക്കുന്നതിന് പകരം അവള്‍ക്ക് സന്തോഷമായി ജീവിക്കാനുള്ള സൗകര്യമൊരുക്കുക എന്നതാണ് പ്രധാനം. സ്വയം ഇഷ്ടപ്പെടാനുള്ള കഴിവും ആത്മവിശ്വാസവും മകളില്‍ വളര്‍ത്തിയെടുക്കുക. അത്യാവശ്യഘട്ടം വന്നാല്‍, ആരുടെയെങ്കിലും കഴുത്തില്‍ കുത്തിപ്പിടിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിന് തയാറാകാനും മകളെ പഠിപ്പിക്കുക''.
അടുത്തിടെയാണ് ഭര്‍ത്താവും നടനുമായ നാഗചൈതന്യയില്‍ നിന്നും വിവാഹമോചനം നേടുകയാണെന്ന വാര്‍ത്ത താരം പുറത്തുവിട്ടത്. ഒരേ പോസ്റ്റ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചായിരുന്നു ദമ്പതികള്‍ വിവാഹമോചനക്കാര്യം ആരാധകരെ അറിയിച്ചത്.