ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനുള്ള പ്രായപരിധി 70 ആക്കിയേക്കും
മുംബൈ: നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസില്‍) അഥവാ ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനുള്ള പ്രായപരിധി 65 വയസില്‍നിന്ന് 70 ആയി ഉയര്‍ത്താന്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) നിര്‍ദ്ദേശം നല്‍കി. 60 വയസിന് ശേഷം പദ്ധതിയില്‍ ചേരുന്നവര്‍ക്ക് 75 വയസ് വരെ നിക്ഷേപം നടത്താന്‍ അനുമതിയും നല്‍കിയേക്കും.
മിനിമം ഉറപ്പുള്ള പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ ഉത്പന്നം എന്‍പിഎസില്‍ ഉള്‍പ്പെടുത്താനും പിഎഫ്ആര്‍ഡിഎ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ പെന്‍ഷന്‍ ഫണ്ടുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മൂലധനനേട്ടം കണക്കാക്കുന്നത്. അതിന്റെ ഒരുവിഹിതമെടുത്ത് ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കുമ്പോഴാണ് നിശ്ചിത തുക പെന്‍ഷനായി നല്‍കുന്നത്. പ്രായപരിധി 60ല്‍നിന്ന് 65 ആയി ഉയര്‍ത്തിയപ്പോള്‍ മൂന്നരവര്‍ഷത്തിനിടെ 15,000 പേരാണ് പുതുതായി എന്‍പിഎസില്‍ ചേര്‍ന്നത്. ഈ സാഹചര്യത്തിലാണ് പദ്ധതിയില്‍ ചേരാനുള്ള പ്രായപരിധി ഉയര്‍ത്തുന്നതിനെക്കുറിച്ച് പിഎഫ്ആര്‍ഡിഎ ആലോചിച്ചതെന്നും അതോറിറ്റി ചെയര്‍മാന്‍ അറിയിച്ചു.
അതേസമയം പെന്‍ഷന്‍ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം ഉയര്‍ത്തുമ്പോള്‍ എന്‍പിഎസ് ഫണ്ട് പിഎഫ്ആര്‍ഡിഎ കീഴില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇതുസംബന്ധിച്ച ബില്‍ ഈ വര്‍ഷം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. 2013ല്‍ പിഎഫ്ആര്‍ഡിഎ നിയമം കൊണ്ടുവന്നത് മുതല്‍ എന്‍പിഎസ് ഇതിന് കീഴിലാണ്. വിദേശ നിക്ഷേപ പരിധി കൂട്ടുന്നതിന് ഈ നിയമമാണ് ഭേദഗതി ചെയ്യുന്നത്. പെന്‍ഷന്‍ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനത്തില്‍ നിന്ന് 74 ശതമാനം വരെ ആക്കാനാണ് ഭേദഗതി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രനയത്തിന്റെ ഭാഗമായാണ് 2004 ജനുവരിയില്‍ എന്‍പിഎസ് കൊണ്ടുവന്നത്.