കോഴിക്കോട്: മുനമ്പം ഭൂമി വഖഫ് ഭൂമി തന്നെയാണെന്നും സമാധാനത്തിന് പകരമായി ഭൂമി നല്‍കാനാവില്ലെന്നും സമസ്ത മുഖപത്രമായ സുപ്രഭാതം. ഇക്കാര്യത്തില്‍ ഭൂമി വിട്ടു നല്‍കി സമവായമാകാമെന്ന മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകളുടെ നിലപാടിനെ തള്ളുകയാണ് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനം. മത സംഘടനകള്‍ വര്‍ഗീയ പ്രചാരണം നടത്തരുതെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഇകെ സുന്നി മുഖപത്രമായ സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍ പേജിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വഖഫ് ഭൂമി രാഷ്ട്രീയ സമവായത്തിനനുസരിച്ച് വിട്ടുകൊടുക്കാനുള്ളതല്ല. മുനമ്പം ഭൂമി കാര്യത്തില്‍ മുസ്ലിം സംഘടനകളുടെ ഏകോപനസമിതി എടുത്ത തീരുമാനം ആശങ്ക ഉണ്ടാക്കുന്നതാണ്. ആരെയും തൃപ്തിപ്പെടുത്താന്‍ അങ്ങനെ ഭൂമി വിട്ടുകൊടുക്കാന്‍ ആകില്ല. രാഷ്ട്രീയപാര്‍ട്ടികള്‍ അല്ല, മത പണ്ഡിതരാണ് ഇതില്‍ അഭിപ്രായം പറയേണ്ടത്- തുടങ്ങിയ കാര്യങ്ങളാണ് ലേഖനത്തില്‍ ഉള്ളത്. ഭൂമി കാര്യത്തില്‍ ഫാറൂഖ് കോളേജിന്റെ നിലപാടിനെയും ലേഖനം വിമര്‍ശിക്കുന്നു. മറ്റു മുസ്ലിം സംഘടനകള്‍ സ്വീകരിച്ച നിലപാടിന് കടക വിരുദ്ധമാണ് സമസ്ത മുഖപ്രസംഗത്തിലെ ഈ ലേഖനം.
മുനമ്പം ഭൂമിയെ ചൊല്ലിയുള്ള വിവാദം വര്‍ഗീയ ചേരിതിരിവിന് ഇടയാക്കിയിരിക്കെയാണ് പൊതുവേ മിതവാദികളായി അറിയപ്പെടുന്ന ഇകെ സുന്നി വിഭാഗത്തിന്റെ മുഖപത്രത്തിലെ ഈ ലേഖനം പുറത്തുവന്നത്. ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് നടത്തുന്ന സമവായ നീക്കങ്ങളെ തടയാന്‍ കൂടി ലക്ഷ്യമിട്ടാണ് ലീഗുമായി ഇടഞ്ഞ ഇകെ സുന്നികളുടെ നീക്കം. കഴിഞ്ഞ ദിവസം, മുനമ്പം വിഷയത്തില്‍ പ്രതികരണവുമായി മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ രംഗത്തെത്തിയിരുന്നു. വിഎസ് സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് വഖഫ് ബോര്‍ഡിന് ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം വന്നത്. നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് ഹൈക്കോടതിയുടെ കോടതി അലക്ഷ്യ ഉത്തരവും വന്നു. കോടതി അലക്ഷ്യമാവും എന്നതുകൊണ്ടാണ് പരിഗണിക്കേണ്ടി വന്നത്. മുനമ്പത്തെ കുടുംബങ്ങള്‍ക്ക് താന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്ത് ഒരു നോട്ടീസ് പോലും അയച്ചില്ലെന്നും റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു.
സിപിഎം നേതാവ് ടികെ ഹംസ ചെയര്‍മാന്‍ ആയപ്പോഴാണ് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത്. വിഎസ് സര്‍ക്കാരിന്റെ അതേ നിലപാടായിരുന്നു മുനമ്പം വിഷയത്തില്‍ പിണറായി സര്‍ക്കാരിനും. പാവപ്പെട്ട കുടുംബങ്ങളാണ് അവിടെ താമസിക്കുന്നതെന്ന മാനുഷിക പരിഗണനവച്ച് അവരെ ഇറക്കിവിടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനാണ് ഇപ്പോഴും വിഷയം പരിഹരിക്കാന്‍ കഴിയുകയെന്നും അദ്ദേഹം വ്യക്തമാക്കി. 2014 മുതല്‍ 2019 വരെയാണ് റഷീദലി ശിഹാബ് തങ്ങള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്നത്.