ലോകത്തെ പുതിയ കോടീശ്വരന്‍; ആമസോണ്‍ സിഇഒയെ കടത്തിവെട്ടി ഫ്രഞ്ച് ഫാഷന്‍ വ്യവസായി
മുംബൈ: ഫോബ്സിന്റെ റിയല്‍ ടൈം ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം ലോക സമ്പന്നരില്‍ ഒന്നാമനായി ഫ്രഞ്ച് ഫാഷന്‍ വ്യവസായിയും പ്രമുഖ ഫാഷന്‍ ബ്രാന്‍ഡായ ലൂയി വിറ്റണ്‍ മൊയറ്റ് ഹെന്നിസി (എല്‍വിഎംഎച്ച്) ചെയര്‍മാനുമായ ബെര്‍ണാഡ് അര്‍നോള്‍ട്ട്. ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസിനേയും ടെസ്‌ല സിഇഒ എലന്‍ മസ്‌കിനെയും മറികടന്നാണ് അര്‍നോള്‍ട്ട് ഈ നേട്ടം സ്വന്തമാക്കിയത്. 186.3 ബില്യണ്‍ (13.57 ലക്ഷം കോടി രൂപ) ഡോളറാണ് ബെര്‍ണാഡിന്റെ മൊത്തം ആസ്തി.
ജെഫ് ബെസോസിന്റെ മൊത്തം ആസ്തി 186 ബില്യണ്‍ ഡോളറും എലന്‍ മസ്‌കിന്റേത് 147.3 ബില്യണ്‍ ഡോളറുമാണ്. ജെഫ് ബെസോസിനേക്കാള്‍ 300 മില്യണ്‍ അധിക ഡോളറാണ് അര്‍നോള്‍ട്ടിന്റെ ആസ്തിയിലുള്ളത്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 72 കാരനായ അര്‍നോള്‍ട്ടിന്റെ ആകെ ആസ്തി 76 ബില്യണ്‍ ഡോളറായിരുന്നു. ഇതാണ് ഒരുവര്‍ഷംകൊണ്ട് ഇരട്ടിച്ച് 186.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നത്. കഴിഞ്ഞ 14 മാസത്തിനിടെ 110 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ആസ്തിയില്‍ ഉണ്ടായത്. കൊവിഡ് പകര്‍ച്ചവ്യാധിക്കിടെ എല്‍വിഎംഎച്ച് നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഇതിന് കാരണം.