ആദായ നികുതി ഇ-ഫയലിങ് പോര്‍ട്ടലിന് പുതിയ മുഖം സേവനങ്ങള്‍ 6 ദിവസത്തേക്ക് തടസപ്പെട്ടേക്കും
കൊച്ചി: ആദായ നികുതി ഇ-ഫയലിങ് പോര്‍ട്ടലിന്റെ രൂപം മാറ്റി. പുതിയ പോര്‍ട്ടല്‍ (www.incometax.gov.in) ജൂണ്‍ ഏഴിന്് അവതരിപ്പിക്കും. പോര്‍ട്ടലിന്റെ രൂപം മാറ്റുന്നതിന്റെ ഭാഗമായി ഇ-ഫയലിങ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചേക്കും. ജൂണ്‍ ഒന്ന് മുതല്‍ 6 വരെ തുടര്‍ച്ചയായ ആറ് ദിവസത്തേക്കാണ് സേവനങ്ങള്‍ തടസപ്പെടുക. ഇതുസംബന്ധിച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
എഒ, സിഐടി (എ) തുടങ്ങിയ ഉദ്യോഗസ്ഥര്‍ നികുതിദായകരുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ നിന്നുമാണ് ആക്സസ് ചെയ്യുന്നത്. ഇതുകൂടാതെ നികുതിദായകര്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നതും റീഫണ്ട് പരിശോധിക്കുന്നതും പരാതികള്‍ ഉന്നയിക്കുന്നതുമെല്ലാം പോര്‍ട്ടല്‍ വഴിയാണ്. ആറ് ദിവസത്തേക്ക് സിസ്റ്റം ലഭ്യമല്ലാത്തതിനാല്‍ ആ ദിവസങ്ങളില്‍ പോര്‍ട്ടലില്‍ പ്രവേശിച്ച് ഒന്നും ശരിയാക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിനാല്‍ ജൂണ്‍ 10 മുതല്‍ മാത്രമേ പരാതികളില്‍ പ്രതികരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുകയുള്ളൂ. നികുതിദായകര്‍ക്ക് ഓണ്‍ലൈനായി നികുതി സംബന്ധമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് 2018ല്‍ ആദായ നികുതി വകുപ്പ് ആരംഭിച്ചതാണ് ഈ ഇ-ഫയലിങ് പോര്‍ട്ടല്‍. നികുതി അടയ്ക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും ഇ-ഫയലിങ് പോര്‍ട്ടല്‍ വഴി നല്‍കാനാകും. ഇതുവഴി നികുതിദായകര്‍ക്ക് സമയവും ലാഭിക്കാം ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരവും കുറയും. കൂടാതെ നികുതിദായകന് ആദായനികുതി ഓഫീസ് കയറിയിറങ്ങേണ്ട അവസ്ഥയും മാറി.