അനുപമയ്ക്ക് തിരിച്ചടി; ഹേബിയസ് കോര്‍പസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി
അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. കുടുംബക്കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ കേസ് പരിഗണിക്കേണ്ട കാര്യമില്ല. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലാണെന്ന് പറയാനാകില്ല. ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിയ്ക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു.
കുഞ്ഞിനെ ഹാജരാക്കാന്‍ തിരുവനന്തപുരം പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കോടതിയെ സമീപിച്ചത്. ഹര്‍ജി പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ തള്ളുമെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ കോടതി സമയം നല്‍കി.
അച്ഛന്‍ ജയചന്ദ്രനും അമ്മ സ്മിത ജെയിംസും ചേര്‍ന്ന് തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ മാറ്റിയെന്നാണ് ഹര്‍ജിയിലെ ആരോപണം. മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറു പേരാണ് എതിര്‍കക്ഷികള്‍. നേരത്തെ കേസ് പരിഗണിച്ച കുടുംബ കോടതി കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു.