നിയന്ത്രണങ്ങളില്‍ ഇളവ്; യുകെയിലേക്കുള്ള വിമാന യാത്രാനിരക്ക് വര്‍ധിപ്പിച്ചു
നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ യുകെയിലേക്കുള്ള വിമാനയാത്രാ നിരക്കില്‍ വന്‍ വര്‍ധനവ്. ഓഗസ്റ്റ് ഒമ്പതിനുള്ള ഡല്‍ഹി-ലണ്ടന്‍ വിമാനടിക്കറ്റിന് 97,943 രൂപ മുതലാണ് വിവിധ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. അതേസമയം, ഓഗസ്റ്റ് എട്ടിനുശേഷം യുകെയിലെത്തുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ ഒഴിവാക്കി.
രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കാണ് ഇളവെന്ന് ഡല്‍ഹിയിലെ യുകെ ഹൈക്കമ്മീഷന്‍ അറിയിച്ചു. ഇവര്‍ക്ക് വീട്ടിലോ സ്വയം തിരഞ്ഞെടുക്കുന്ന സ്ഥലത്തോ 10 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി. ഓഗസ്റ്റ് എട്ടുമുതലാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. വിമാനയാത്രക്ക് മൂന്നുദിവസത്തിനുള്ളില്‍ കോവിഡ് പരിശോധന നടത്തണം. യുകെയിലെത്തിയാലും പരിശോധന നിര്‍ബന്ധമാണെന്ന് ഹൈക്കമ്മീഷന്‍ അറിയിച്ചു.