എല്‍ഐസി ഐപിഒയ്ക്ക് സര്‍ക്കാരിന്റെ അനുമതി; വിറ്റഴിക്കല്‍ നടപടി വേഗത്തിലാക്കും
ഡെല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ധനമന്ത്രാലയത്തിന് കീഴിലെ സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതിയാണ് അനുമതി നല്‍കിയത്. സര്‍ക്കാര്‍ ഓഹരികളാണ് ഐപിഒ വഴി വില്‍പ്പനയ്ക്ക് എത്തുന്നത്.ദീപാവലി സമയം ലക്ഷ്യമാക്കി ഐപിഒ നടത്താനാണ് സര്‍ക്കാര്‍് ആലോചന. ഓഹരികളുടെ വിലയും വിറ്റഴിക്കല്‍ അനുപാതവും സാമ്പത്തിക കാര്യ സമിതി പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കുക.
ജൂലൈ ഏഴിന് നടന്ന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമായതായാണ് റിപ്പോര്‍ട്ടുകള്‍. ഐപിഒയ്ക്കുളള മാനേജര്‍മാരെയും മറ്റ് കണ്‍സള്‍ട്ടന്റുമാരെയും ഉടന്‍ നിയമിക്കുമെന്നാണ് വിവരം.
എല്‍ഐസിയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. കോവിഡ് രണ്ടാംതരംഗം മൂലം നീണ്ടുപോയ ഓഹരി വില്‍പ്പന ഇനി അതിവേഗം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സിന്റെ ഐപിഒയുടെ വലുപ്പവും സര്‍ക്കാരിന്റെ ഓഹരി ദുര്‍ബലപ്പെടുത്തുന്നതിന്റെ വ്യാപ്തിയും ചര്‍ച്ച ചെയ്ത സമിതി കഴിഞ്ഞയാഴ്ചയാണ് എല്‍ഐസി ഐപിഒയ്ക്ക് അനുമതി നല്‍കിയത്. ഐപിഒ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കമ്പനിയുടെ അംഗീകൃത മൂലധനം 25,000 കോടി രൂപയായി ഉയര്‍ത്താനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.