സെക്കന്‍ഡ് ഷോ അനുവദിക്കാത്തതില്‍ പ്രതിസന്ധി രൂക്ഷമാകുന്നു; സമരത്തിന് ഒരുങ്ങി സംഘടനകള്‍
കോഴിക്കോട്: കേരളത്തിലെ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവദിക്കാത്ത സാഹചര്യത്തില്‍ സിനിമാ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. മാര്‍ച്ച് 4ന് റിലീസ് ചെയ്യേണ്ടിയിരുന്ന മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ് മാറ്റിയതിന് പിന്നാലെ ആന്റണി വര്‍ഗീസ് ചിത്രമായ അജഗജാന്തരവും റിലീസ് മാറ്റിവച്ചു. സെക്കന്‍ഡ് ഷോ ഇല്ലാത്ത സാഹചര്യത്തിലാണ് റിലീസ് മാറ്റിവെക്കേണ്ടി വരുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
അതെ സമയം കേരളത്തിലെ സിനിമാ തിയറ്ററുകളില്‍ എത്രയും വേഗം സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് തിരുവനന്തപുരം , കൊല്ലം ജില്ലകളിലെ തിയറ്റര്‍ ഉടമകളും ജീവനക്കാരും മാര്‍ച്ച് 8ന് രാവിലെ സെക്രട്ടേറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും. രാവിലെ 10 മണിക്ക് അയ്യങ്കാളി ഹാളിന് മുന്നില്‍ ഒത്തുചേര്‍ന്ന ശേഷം, ജാഥയായി സെക്രട്ടേറിയേറ്റിന് മുന്നിലെത്തുകയെന്ന് പ്രതിനിധികള്‍ അറിയിച്ചു. സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്കും കത്തു നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ധര്‍ണ്ണ സംഘടിപ്പിക്കാന്‍ സിനിമ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.
തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുതിയ ഇളവുകളില്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ തത്കാലം ഈ ഇളവ് വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.