തുലാമാസ പൂജ: ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണം. തുലാമാസ പൂജ കാലയളവില്‍ തീര്‍ഥാടകരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
കനത്തമഴ
കഴിഞ്ഞ ദിവസം കനത്തമഴയെ തുടര്‍ന്ന് മലയോര മേഖലകളില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് തിങ്കളാഴ്ച വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് 21 വരെ നീട്ടിയത്. ഫലത്തില്‍ തുലാമാസ പൂജ ദര്‍ശനത്തിന് തീര്‍ഥാടകര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. നിലക്കല്‍ വരെ എത്തിയ തീര്‍ഥാടകരെ തിരികെ എത്തിക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടനം സാധ്യമല്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍ അറിയിച്ചു.
പമ്പയില്‍ ഒന്നരയടി വരെ വെള്ളം ഉയരും
നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കക്കി- ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. പമ്പയില്‍ ഒന്നരയടി വരെ വെള്ളം ഉയരുമെന്നാണ് കണക്കുകൂട്ടല്‍. മൂന്ന് മണിക്കൂറിനുള്ളില്‍ വെള്ളം പമ്പ ത്രിവേണി സംഗമത്തില്‍ എത്തുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.