ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക് പ്രധാനമന്ത്രി
രാജ്യത്തെ അഭിസംബോധന ചെയ്യും
ദില്ലി: ഇന്നു വൈകിട്ട് അഞ്ച് മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. കൊവിഡ് 19 രണ്ടാം തരംഗത്തിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
രാജ്യത്ത് രണ്ട് മാസത്തിനിടെ പുതിയ കൊവിഡ് 19 കേസുകളുടെ എണ്ണത്തില്‍ ഇന്ന് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. കൊവിഡ് 19 കേസുകള്‍ കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കുറച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 14 ലക്ഷം മാത്രമാണ്.
ഈ വര്‍ഷം ഡിസംബറിനുള്ളില്‍ രാജ്യത്ത് കൊവിഡ് 19 വാക്‌സിനേഷന്‍ യജ്ഞം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ 45 വയസ്സിനു താഴെയുള്ളവരുടെ വാക്‌സിന്റെ ചെലവ് സംസ്ഥാന സര്‍ക്കാരുകളോടെ വ്യക്തികളോ വഹിക്കണമെന്നതാണ് കേന്ദ്രനിലപാട്. എന്നാല്‍ ഇതിനെതിരെയുള്ള സംസ്ഥാനങ്ങളുടെ പരാതിയെ കേന്ദ്രം എങ്ങനെയാണ് പരിഗണിക്കുന്നതെന്നത് നിര്‍ണായകമാണ്.