പാര്‍ട്ടിയില്‍ യുദ്ധപ്രഖ്യാപനവുമായി പി.വി. അന്‍വര്‍
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയനെ കണ്ടത് അച്ഛന്റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. പിണറായി വിജയന്‍ എന്ന സൂര്യന്‍ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു. പാര്‍ട്ടിയില്‍ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തുന്നു.
അഞ്ച് മിനിട്ട് നേരമേ മുഖ്യമന്ത്രിയുമായി സംസാരിച്ചുള്ളൂ. ഉള്ള് തുറന്ന് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. എന്നാല്‍, നിസഹായാവസ്ഥയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. പി ശശി കാട്ടുക്കള്ളനാണ്. കാട്ടു കള്ളനെ താഴെ ഇറക്കണമെന്ന് ഞാന്‍ നിശ്ചയിച്ചു. കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍. എന്നാല്‍, ആ സൂര്യന്‍ കെട്ടുപോയി. തെളിവ് നല്‍കിയിട്ടും വിജിലന്‍സ് അന്വേഷണത്തിന് 6 മാസം സമയം നല്‍കി. സ്‌പോട്ടില്‍ സസ്‌പെന്‍ഡ് ചെയ്യേണ്ട ആളാണ് അജിത്ത് കുമാര്‍. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തിലുടെ ആറുമാസം കൂടി സമയം നല്‍കുകയാണ് ചെയ്തതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പ്രതികരണ രീതിയെ തന്നെ പരിഹസിച്ച് കൊണ്ടായിരുന്നു എന്നും അന്‍വര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റായിപ്പോയി. തന്നെ കള്ളകടത്തകാരുടെ ആളായിട്ടാണ് മുഖ്യമന്ത്രി ചിത്രീകരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവന തനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. മുഖ്യമന്ത്രിയെ പാര്‍ട്ടിയും തിരുത്തിയില്ലെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി.
കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്വര്‍ണക്കടത്ത് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും അന്‍വര്‍ ചോദിച്ചു. പി ശശിയും എഡിജിപി അജിത് കുമാറും സുജിത്ത് ദാസും ചേര്‍ന്ന് എത്ര സ്വര്‍ണ്ണം തട്ടിയെടുത്തുവെന്ന് അന്വേഷിക്കണം. അതല്ല എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ എഴുതി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലാണോ മുഖ്യമന്ത്രിയെന്നും അന്‍വര്‍ ചോദിച്ചു.