ഓഹരി വിപണി ഉണർവിൽ
ഇന്ന് ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങി. രാവിലെ തന്നെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 52,400 നില മറികടക്കുന്നത് നിക്ഷേപകര്‍ കണ്ടു. ചരിത്രത്തില്‍ ആദ്യമായാണ് സെന്‍സെക്‌സ് ഇത്രയേറെ ഉയരുന്നത്. എന്‍എസ്ഇ നിഫ്റ്റി സൂചികയും ആദ്യമായി 15,400 നില പിന്നിട്ടിട്ടുണ്ട്. ഇന്ന് തുടക്കത്തിൽ കൊട്ടാക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഓഎന്‍ജിസി ഓഹരികളാണ് സെന്‍സെക്‌സില്‍ മുന്നേറ്റം നടത്തുന്നത്. കൊട്ടാക് മഹീന്ദ്ര ബാങ്ക് ഓഹരികള്‍ 2 ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട് . മറുഭാഗത്ത് ആക്‌സിസ് ബാങ്ക്, ബജാജ് ഫൈനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് ഓഹരികള്‍ തുടക്കത്തില്‍ മോശം സൂചിക രേഖപ്പെടുത്തി .
വിശാല വിപണികളും നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. മേഖലാ വിലയിരുത്തിയാല്‍ നിഫ്റ്റി ഫാര്‍മ ഒഴികെ മറ്റെല്ലാ സൂചികകളും ലാഭത്തില്‍ മുന്നേറുന്നുണ്ട്. രാവിലെ സിംഗപ്പൂര്‍ എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി ഫ്യൂച്ചറുകള്‍ (എസ്ജിഎക്‌സ് നിഫ്റ്റി) 15,347 എന്ന നിലയാണ് രേഖപ്പെടുത്തിയത്. ചൊവാഴ്ച്ച ആഗോള ഓഹരികളും അടിപതറാതെ തുടരുകയാണ്. ആഗോള സമ്പദ്ഘടനകളുടെ തിരിച്ചുവരവും കുറഞ്ഞ പലിശ നിരക്ക് മുന്‍നിര്‍ത്തി നിക്ഷേപകര്‍ റിസ്‌കുള്ള അസറ്റുകളിലേക്ക് കണ്ണെത്തിക്കുന്നതും വിപണിയുടെ കുതിപ്പിന് വേഗം പകരുന്നു. ഏഷ്യാ പസിഫിക് ഓഹരികളുടെ എംഎസ്‌സിഐ സൂചിക 0.1 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ജപ്പാന്റെ നിക്കെയ് സൂചിക 0.4 ശതമാനം മുന്നറി കഴിഞ്ഞ 30 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നില കുറിച്ചു. ചൈനീസ് പുതുവത്സരം പ്രമാണിച്ച് ചൈനയിലെ വിപണികളെല്ലാം അടച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച വാള്‍ സ്ട്രീറ്റിലും അവധിയായിരുന്നു. ഈ മാസം ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ എസ് ആന്‍ഡ് പി 500 ഫ്യൂച്ചറുകള്‍ 0.5 ശതമാനം വര്‍ധിച്ചു. എംഎസ്‌സിഐയുടെ ആഗോള സൂചികയും നാള്‍ക്കുനാള്‍ മുന്നേറുകയാണ്.