സര്‍ക്കാര്‍ ഓഫിസുകളുടെ സേവനങ്ങളില്‍ നിങ്ങള്‍ തൃപ്തരാണോ ? ഈ ആപ്പിലൂടെ റിവ്യൂ അറിയിക്കാം
റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവക്കെല്ലാം നാം റിവ്യൂ അഥവാ നമ്മുടെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. ഈ റിവ്യൂകള്‍ ആശ്രയിച്ചാണ് നാം കടകളും ഹോട്ടലുകളും തെരഞ്ഞെടുക്കുന്നത് പോലും. എന്നാല്‍ സര്‍ക്കാര്‍ ഓഫിസുകളുടെ സേവനത്തിന് ഇത്തരത്തില്‍ റിവ്യു നല്‍കാന്‍ സാധിച്ചാലോ ? സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുന്നതിന് ഇത് സഹായകരമാകും. അത്തരമൊരു മൊബൈല്‍ ആപ്ലിക്കേഷനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഈ ആപ്പിലൂടെ, പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്ക് വിളിക്കാനും കഴിയും. അതിന് ശേഷം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവലോകനങ്ങള്‍ രേഖപ്പെടുത്താം. 1 മുതല്‍ 5 വരെ റേറ്റിങ് നല്‍കാനും സാധിക്കും.
മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പുതിയ കാലത്തില്‍ നമ്മളില്‍ പലരും റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, ഷോപ്പിംഗ് മാളുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നത് സാധാരണമാണ്. ഓരോരുത്തരുടെയും അവലോകനങ്ങളും നിര്‍ദേശങ്ങളും റേറ്റിങ്ങും ആര്‍ക്കും കാണാവുന്ന വിധം പരസ്യവുമാണ്. ഇത് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ പ്രചോദിപ്പിക്കുന്നു.
സമാന രീതിയില്‍, സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ശ്രമിക്കുകയാണ്. അതിനാണ് സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഓഫീസുകളിലെ സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും സഹായകമായ 'എന്റെ ജില്ല' ആപ്പ് ആരംഭിച്ചത്.
ഈ ആപ്പിലൂടെ, പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്കു വിളിക്കാനും കഴിയും. അതിന് ശേഷം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവലോകനങ്ങള്‍ രേഖപ്പെടുത്താം. ഒന്ന് മുതല്‍ അഞ്ചു വരെ റേറ്റിങ് നല്‍കാനും സാധിക്കും.
രേഖപ്പെടുത്തുന്ന അവലോകനം പരസ്യമായിരിക്കും. അതിനാല്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ നല്ല പ്രകടനം നടത്തുന്നവര്‍ക്ക് പ്രചോദനമാകും. മറ്റുള്ളവരെ കൂടുതല്‍ ഉത്തരവാദിത്ത്വ ബോധമുള്ളവരാക്കും.
അവലോകനങ്ങള്‍ നിരീക്ഷിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് മേല്‍നോട്ടം വഹിക്കും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'എന്റെ ജില്ല' ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക, മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് പൊതു സേവനങ്ങളുമായി ബന്ധപ്പെടാനും അവലോകനം ചെയ്യാനും ആരംഭിക്കുക. മൊബൈല്‍ നമ്പര്‍ സുരക്ഷിതമായിരിക്കും. ഉപഭോക്താവിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം എന്ന് താല്പര്യം ഉണ്ടെങ്കില്‍ മാത്രമേ അത് വെളിപ്പെടുത്തൂ.