ഭോപാല്‍: ബോളിവുഡ് ചിത്രം 'പത്താനി'ലെ ഗാനത്തില്‍ നടി ദീപിക പദുക്കോണിന്റെ വസ്ത്രധാരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ചില രംഗങ്ങള്‍ 'തിരുത്തിയില്ലെങ്കില്‍' ചിത്രം
പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഷാറുഖ് ഖാന്‍ നായകനാകുന്ന ചിത്രത്തിലെ 'ബേഷ്‌റം രംഗ്' എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഗാനത്തില്‍ ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാര്‍ഹമാണെന്നും ഗാനം ചിത്രീകരിച്ചത് 'മലിനമായ മാനസികാവസ്ഥ'യില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. 'ചിത്രത്തിലെ രംഗങ്ങളും ഗാനത്തിലെ അവരുടെ വസ്ത്രങ്ങളും ശരിയാക്കാന്‍ അഭ്യര്‍ഥിക്കുന്നു. അല്ലാത്തപക്ഷം ഈ ചിത്രം മധ്യപ്രദേശില്‍ അനുവദിക്കണോ വേണ്ടയോ എന്നത് ഒരു ചോദ്യമായിരിക്കും''- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആക്ഷന്‍ ത്രില്ലറായ 'പത്താന്‍' ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്.