ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു
ആഴ്ചയുടെ തുടക്കത്തിൽ നഷ്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 266 പോയിന്റ് ഇടറി 49,596.75 എന്ന നിലയിലേക്ക് തിരിച്ചിറങ്ങി (0.51 ശതമാനം ഇടിവ്). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയാകട്ടെ 65.25 പോയിന്റ് നഷ്ടത്തില്‍ 14,681 എന്ന നിലയിലും ഇടപാടുകള്‍ക്ക് തുടക്കമിട്ടു (0.47 ശതമാനം ഇടിവ്). ബാങ്ക്, ലോഹം, സാമ്പത്തികം, ഓട്ടോ, എഫ്എംസിജി, ഫാര്‍മ ഓഹരികള്‍ നേട്ടത്തില്‍ ചുവടുവെയ്ക്കുന്നു. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളില്‍ ഇന്ന് കാര്യമായ ചലനങ്ങളില്ല.
നാസ്ദാക്ക് സൂചിക സമ്മിശ്ര പ്രകടനമാണ് പുറത്തെടുത്തത്. അമേരിക്കന്‍ ട്രഷറി വരുമാനം ക്രമപ്പെട്ട സാഹചര്യത്തില്‍ നാസ്ദാക്കിന് ഫെയ്‌സ്ബുക്കും ഊര്‍ജ്ജ ഓഹരികളും ചേര്‍ന്ന് പുത്തനുണര്‍വ് സമ്മാനിക്കുകയുണ്ടായി. ഡൗ ജോണ്‍സ് സൂചിക 234.79 പോയിന്റ് ഇടറി 32,627.51 എന്ന നില കുറിച്ചു (0.71 ശതമാനം വീഴ്ച്ച). 2.71 പോയിന്റ് നഷ്ടപ്പെട്ട എസ് ആന്‍ഡ് പി 500 സൂചിക 3,912.75 നില രേഖപ്പെടുത്തി (0.07 ശതമാനം വീഴ്ച്ച). നാസ്ദാക്ക് കോമ്പോസൈറ്റ് സൂചിക 99.07 പോയിന്റ് ഉയര്‍ന്ന് 13,215.24 എന്ന നിലയും കയ്യടക്കി (0.76 ശതമാനം നേട്ടം). ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ജപ്പാന്റെ നിക്കെയ് സൂചിക 1.4 ശതമാനം നഷ്ടം രാവിലെ രേഖപ്പെടുത്തി.