വിപണി നഷ്ടത്തോടെ തുടക്കം
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസും ഐസിഐസിഐ ബാങ്കും സെപ്റ്റംബർ പാദത്തിൽ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടെങ്കിലും വിപണിയിൽ അത് പ്രതിഫലിച്ചില്ല. സെൻസെക്സ് 207.75 പോയന്റ് ഉയർന്ന് 61,029.37 ലും നിഫ്റ്റി 32.20 പോയന്റ് നേട്ടത്തിൽ18,147.10 ലുമാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ നഷ്ടത്തിലായി.
റിലയൻസ് ഇൻഡസ്ട്രീസ് തുടക്കത്തിൽ ഒരുശതമാനത്തോളം ഉയർന്നെങ്കിലും നേട്ടംനിലനിർത്താനായില്ല. ഐസിഐസിഐ ബാങ്ക് ഓഹരിയാകട്ടെ എട്ടുശതമാനത്തിലേറെ ഉയരുകയുംചെയ്തു.
ആക്സിസ്ബാങ്ക് (1.19%), ബജാജ് ഫിൻസർവ് (0.72%), എൽആൻഡ്ടി (0.42%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (0.37%), ബജാജ് ഫിനാൻസ് (0.30%), ഭാരതി എയർടെൽ (0.27%) തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
സൺഫാർമ, എച്ച്ഡിഎഫ്സി, ടാറ്റാസ്റ്റീൽ, ബജാജ് ഓട്ടോ, ടിസിഎസ്, പവർഗ്രിഡ്, മാരുതി, ടൈറ്റാൻ, ഹിന്ദുസ്ഥാൻ യൂണിലെവർ, എച്ച്സിഎൽ ടെക്, കൊട്ടക് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.
എഫ്എംസിജി, മെറ്റൽ, ഫാർമ, റിയാൽറ്റി സൂചികകൾ സമ്മർദത്തിലാണ്. പ്രതീക്ഷിച്ചതുപോലെ ബാങ്ക് സൂചികയിൽ നേട്ടംതുടർന്നു. സൂചിക എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 41,024ലെത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.65 ശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.