ഐഫോണ്‍ 13 വില്‍പ്പന ആരംഭിച്ചു; വില, ഓഫറുകള്‍ നോക്കാം
ഈ മാസം 14ന് ആപ്പിള്‍ വിപണിയിലെത്തിച്ച ഏറ്റവും പുതിയ ഐഫോണ്‍ ശ്രേണിയായ ഐഫോണ്‍ 13ന്റെ വില്പന ആരംഭിച്ചു. ഇന്ന് (സെപ്റ്റംബര്‍ 24) പകല്‍ 8 മണിയോടെയാണ് ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിങ്ങനെ നാല് ഫോണുകള്‍ ഉള്‍കൊള്ളുന്ന ഐഫോണ്‍ 13 ശ്രേണിയുടെ വില്പന ആരംഭിച്ചത്. ഇന്ത്യയ്ക്ക് പുറമേ, ഓസ്ട്രേലിയ, കാനഡ, ചൈന, ജര്‍മ്മനി, ജപ്പാന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലും ഐഫോണ്‍ 13 വില്പന ഇന്നാണ് ആരംഭിക്കുക.
ഔദ്യോഗിക റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും ആപ്പിള്‍ സ്റ്റോര്‍ ഓണ്‍ലൈന്‍ വഴിയും രാജ്യത്തെ ഇ-കൊമേഴ്‌സ് സൈറ്റുകള്‍ വഴിയുമാണ് ഐഫോണ്‍ 13ന്റെ വില്പന ക്രമീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ വിജയ് സെയില്‍സ്, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ എന്നീ റീട്ടെയില്‍ ശൃംഖലകള്‍ വഴിയും ഐഫോണ്‍ 13 വാങ്ങാം
ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് വിപണിയിലെത്തിയിരിക്കുന്നത്. ഐഫോണ്‍ 13 മിനി 128 ജിബിയുടെ വില 69,900 രൂപയാണ്. ഐഫോണ്‍ 13 മിനിയുടെ 256 ജിബി പതിപ്പിന്റെ വില 79,900 രൂപയും 512 ജിബി പതിപ്പിന്റെ വില 99,900 രൂപയുമാണ്. ഐഫോണ്‍ 13ന്റെ 128 ജിബിയ്ക്ക് അതെ സമയം 79,900 രൂപയും, 256 ജിബിയ്ക്ക് 89,900 രൂപയും, 512 ജിബി പതിപ്പിന് 99,900 രൂപയുമാണ് വില.
128 ജിബി, 256 ജിബി, 512 ജിബി പതിപ്പുകള്‍ കൂടാതെ പുതുതായി 1 ടിബി പതിപ്പിലും ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്സ് മാക്സ് പതിപ്പുകള്‍ വാങ്ങാം. ഐഫോണ്‍ 13 പ്രോയുടെ 128 ജിബി പതിപ്പിന് 1,19,900 രൂപ, 256 ജിബി പതിപ്പിന് 1,29,900 രൂപ, 512 ജിബി പതിപ്പിന് 1,49,900 രൂപ, 1 ടിബിക്ക് 1,69,900 രൂപ എന്നിങ്ങനെയാണ് വിലകള്‍. ഐഫോണ്‍ 13 ശ്രേണിയിലെ ഏറ്റവും പ്രീമിയം താരമായ ഐഫോണ്‍ 13 പ്രോ മാക്‌സിന്റെ 128 ജിബി പതിപ്പിന് 1,29,900 രൂപയും, 256 ജിബി പതിപ്പിന് 1,39,900 രൂപയും, 512 ജിബി പതിപ്പിന് 1,59,900 രൂപയും, 1 ടിബി മോഡലിന് 1,79,900 രൂപയും ചെലവഴിക്കണം.
ആപ്പിള്‍ അംഗീകൃത വിതരണക്കാര്‍ വഴി എച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി വാങ്ങുമ്പോള്‍ 6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. അതെ സമയം എച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് ഫോണുകള്‍ വാങ്ങുമ്പോള്‍ 5,000 രൂപയാണ് ക്യാഷ്ബാക്ക്.
ഇതുകൂടാതെ പഴയ ഐഫോണ്‍ മോഡലുകള്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറും ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്. ഐഫോണ്‍ 12 ശ്രേണി, ഐഫോണ്‍ 11 ശ്രേണി, ഐഫോണ്‍ Xs ശ്രേണി, ഐഫോണ്‍ X, ഐഫോണ്‍ 8 എന്നീ ഫോണുകള്‍ക്കാണ് 9,000 രൂപ മുതല്‍ 46,120 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ ഒരുക്കിയിരിക്കുന്നത്.
ആപ്പിളിന്റെ പുതിയ A15 ബയോണിക് SoC ചിപ്പാണ് ഐഫോണ്‍ 13 ശ്രേണിയിലുള്ള ഫോണുകളുടെ ഹൃദയം. ഐഫോണ്‍ 12 ശ്രേണിയുടെ A14 ബയോണിക് ചിപ്പിനേക്കാള്‍ 50 ശതമാനം കൂടുതല്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതാണ് A15 ബയോണിക് ചിപ്പ് എന്നാണ് ആപ്പിളിന്റെ അവകാശവാദം. ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നീ പതിപ്പുകളില്‍ നാല് കോര്‍ ജിപിയുവുള്ള A15 ബയോണിക് ചിപ്പ് ഇടം പിടിച്ചിരിക്കുമ്പോള്‍ ഐഫോണ്‍ 13 പ്രോ, പ്രോ മാക്സ് പതിപ്പുകളില്‍ അഞ്ച് കോര്‍ ഇന്റഗ്രേറ്റഡ് ജിപിയുവാണ്. ഐഫോണ്‍ 13 മോഡലുകളുടെ റാമും ബാറ്ററി കപ്പാസിറ്റിയും എത്ര എന്ന് ആപ്പിള്‍ വെളിപ്പെടുത്തിയിട്ടില്ല. ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രോ എന്നിവയ്ക്ക് മുന്‍ഗാമികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1.5 മണിക്കൂര്‍ മെച്ചപ്പെട്ട ബാറ്ററി ലൈഫുണ്ട് എന്നാണ് അവകാശവാദം. അതേസമയം ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിവ മുന്ഗാമികളെക്കാള്‍ 2.5 മണിക്കൂര്‍ കൂടുതല്‍ ബാറ്ററി ലൈഫ് നല്‍കുമത്രേ.
നാല് ഐഫോണ്‍ 13 പതിപ്പുകള്‍ക്കും ഡിസ്പ്ലെയുടെ വലിപ്പം മുന്‍ഗാമികളുടെതിന് സമാനമാണ്. സ്‌ക്രീന്‍ സ്‌പേസ് വര്‍ദ്ധിപ്പിക്കുന്നതിനായി അതെ സമയം നോച്ച് 20 ശതമാനത്തോളം കുറച്ചിട്ടുണ്ട്. പ്രോ മോഡലുകളുടെ ആകര്‍ഷണം പ്രോമോഷന്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റാണ്. ഓരോ ഉപയോഗം അനുസരിച്ച് 10 ഹെര്‍ട്‌സ് മുതല്‍ 120 ഹെര്‍ട്‌സ് വരെ ഡിസ്പ്ലെയുടെ റിഫ്രഷ് റേറ്റ് തനിയെ മാറും. ഐഫോണ്‍ 13, മിനി മോഡലുകള്‍ക്ക് ഡേടൈം ബ്രൈറ്റ്‌നസ് 800 നിറ്റ്‌സും, പ്രോ മോഡലുകള്‍ക്ക് 1000 നിറ്റ്‌സുമാണ്. എല്ലാ ഐഫോണ്‍ 13 മോഡലുകള്‍ക്കും ഡോള്‍ബി വിഷന്‍, എച്ച്ഡിആര്‍ 10, എച്ച്എല്‍ജി പിന്തുണയുണ്ട്.
ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയ്ക്ക് പുതിയ വൈഡ് ആംഗിള്‍ ക്യാമറയാണ് ആകര്‍ഷണം. എഫ്/1.6 അപ്പേര്‍ച്ചറുള്ള 12 മെഗാപിക്സല്‍ വൈഡ് ക്യാമറ, എഫ് /2.4 അപ്പേര്‍ച്ചറില്‍ 12 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ക്യാമറ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ മോഡലുകളുടെ ഡ്യുവല്‍ കാമറ. വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ ഒന്നിലധികം സബ്ജക്ടുകളെ ഫോക്കസ് ചെയ്യാനും, ചലിച്ചുകൊണ്ടിരിക്കുന്ന സബ്ജക്ടില്‍ വ്യക്തതയോടെ ഫോക്കസ് നിലനിര്‍ത്താനും സാധിക്കുന്ന പുതിയ സിനിമാറ്റിക് മോഡ് ഐഫോണ്‍ 13ന്റെ പ്രധാന സവിശേഷതയാണ്. 3X ഒപ്റ്റിക്കല്‍ സൂം സൗകര്യമുള്ള 77എംഎം ടെലിഫോട്ടോ ക്യാമറ, എഫ്/1.8 അപ്പര്‍ച്ചര്‍, ഓട്ടോ ഫോക്കസ് സംവിധാനമുള്ള അള്‍ട്രാവൈഡ് ക്യാമറ, എഫ്/1.5 അപ്പേര്‍ച്ചറിലുള്ള വൈഡ് ക്യാമറ എന്നിവയാണ് ഐഫോണ്‍ 13ന്റെ പ്രോ മോഡലുകളില്‍ ക്രമീകരിച്ചിരിക്കുന്നത്.