ഇന്‍ഡോര്‍:അഴിമതി ആരോപണം ഉന്നയിച്ച പ്രിയങ്കഗാന്ധിയും കമല്‍നാഥും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മധ്യപ്രദേശില്‍ കേസ്. കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് ബിജെപി 50 ശതമാനം കമ്മീഷന്‍ വാങ്ങുന്നുവെന്ന ആരോപണത്തിലാണ് നടപടി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക മോഡല്‍ പ്രചാരണം മധ്യപ്രദേശിലും സജീവമാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനിടയിലാണ് കേസ്
കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ അടിത്തറയിളകിയത് നാല്‍പ്പത് ശതമാനം കമ്മീഷനനെന്ന കോണ്‍ഗ്രസിന്റെ പ്രചാരണമായിരുന്നു. ആ പ്രചരണം ആണ് മധ്യപ്രദേശിലും കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത്. നിര്‍മാണ പദ്ധതികളുടെ തുക ബിജെപി നേതാക്കള്‍ക്കുള്ള അന്‍പത് ശതമാനം കമ്മീഷന്‍ കഴിഞ്ഞിട്ടാണ് തങ്ങള്‍ക്ക് കിട്ടുന്നതെന്ന പരാതി കോണ്‍ട്രാക്ടര്‍മാരുടെ ഒരു സംഘം സുപ്രീംകോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് നല്‍കിയെന്നായിരുന്നു പാര്‍ട്ടി ആരോപണം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ യാദവ് എന്നിവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കം ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പങ്ക് വെച്ച് ആരോപിച്ചു. സംഭവത്തില്‍ ഭോപ്പാലിലും ഇന്‍ഡോറിലുമാണ് കേസ് എടുത്തിരിക്കുന്നത്.
ആരോപങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വ്യാജമായ പരാതി കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിക്കുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി . രാഹുല്‍ഗാന്ധി നുണ പറയുമ്പോള്‍ പ്രിയങ്ക തെറ്റായ വിവരം ട്വീറ്റ് ചെയ്യുന്നുവെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്ത മിശ്ര പറഞ്ഞു.ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിനെതിരെ ആയിരക്കണക്കിന് അഴിമതി കേസുകള്‍ ഉണ്ടെന്നും എത്രപേര്‍ക്കെതിരെ കേസെടുക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ചോദിച്ചു. അന്വേഷിച്ചാല്‍ ഒരു കത്തല്ല ഇരുനൂറ് കത്തെങ്കിലും കിട്ടുമെന്നും അദ്ദേഹം പരിഹസിച്ചു. ഈ വര്‍ഷം അവസാനം നടക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പ് വരുന്ന ലോക്‌സഭ തെരഞ്ഞടുപ്പിനെയും സ്വാധീനിക്കുമെന്നതിനാല്‍ ഒരു സാധ്യതയും ഒഴിവാക്കാതെയാണ് ബിജെപി കോണ്‍ഗ്രസ് പാര്‍ട്ടികള്‍ അങ്കത്തിനിറങ്ങിയിരിക്കുന്നത്.