എസ്ബിഐ ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് ഇനി പണം പിന്‍വലിക്കാനാകില്ല; സൗകര്യം മരവിപ്പിച്ച് ബാങ്ക്
എസ്ബിഐ എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് ഇനി മുതല്‍ പണം പിന്‍വലിക്കാന്‍ ആകില്ല. താല്‍ക്കാലികമായിട്ടാണ് ഈ നടപടി . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെപ്പോസിറ്റ് മെഷീനില്‍ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും സൗകര്യമുള്ള എടിഎം ഡെപ്പോസിറ്റ് മെഷീനുകളുണ്ട്. ഇവയില്‍ പലയിടത്തും തട്ടിപ്പ് നടന്നതായി കണ്ടെത്തി. വിഷയം പഠിച്ച് പരിഹരിക്കാനുള്ള ശ്രമത്തിലാണ് എസ്ബിഐയുടെ ഐടി വിഭാഗം.
ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമേ ഇനി ഇത്തരം മെഷീനുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുമതി നല്‍കൂ. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പ്രധാന ഓഫീസില്‍ നിന്ന് ബ്രാഞ്ചുകളിലേക്ക് അയച്ചിട്ടുണ്ട്. ഈ സര്‍ക്കുലര്‍ ബ്രാഞ്ചുകളില്‍ വൈകാതെ എത്തും. കേന്ദ്രീകൃത സൗകര്യമായതിനാല്‍ തീരുമാനം വന്ന പശ്ചാത്തലത്തില്‍ തന്നെ എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള അവസരം ഇല്ലാതായി. തട്ടിപ്പ് എങ്ങനെയാണ് നടക്കുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്ബിഐ. ഈ വെല്ലുവിളി പരിഹരിക്കാനാണ് ആദ്യ പരിഗണന.