ഹ്യുണ്ടായ് കാര്‍ വാങ്ങാം, ഒന്നര ലക്ഷംരൂപ വരെ
കിഴിവില്‍; ഓഫര്‍ ഈമാസം 28 വരെ.
പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹമുണ്ടോ? ഇതാണ് പറ്റിയ അവസരം. ഉപഭോക്താക്കള്‍ക്ക് ഒന്നര ലക്ഷം രൂപ വരെ വില കിഴിവില്‍ പുതുപുത്തന്‍ കാറുകളാണ് വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുത്ത മോഡല്‍ കാറുകള്‍ക്കാണ് പുതിയ ഓഫറുകളും കിഴിവുകളും ബാധകമാകുക. ഇന്‍കോണിക് കോംപാക്റ്റ് ഹാച്ച്ബാക്ക് സാന്‍ട്രോ മുതല്‍ ഇലക്ട്രിക് എസ്യുവി കോന വരെ ഇതില്‍ ഉള്‍പ്പെടും. ഫെബ്രുവരി 28 വരെ മാത്രമേ ഓഫര്‍ ബാധകമാകൂ.
അതേസമയം അവസാന തീയതിയ്ക്ക് ശേഷമോ സ്റ്റോക്കുകള്‍ അവസാനിക്കുന്നതുവരെയോ ഓഫറുകള്‍ നിര്‍ത്തുകയോ പരിഷ്‌ക്കരിക്കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 8,000 രൂപയുടെ എല്‍ടിസി ഓഫറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ പ്രൊഫഷണലുകള്‍, തിരഞ്ഞെടുത്ത കോര്‍പ്പറേറ്റുകള്‍, എസ്എംഇകള്‍, അധ്യാപകര്‍, ചാറ്റേര്‍ട്ട് അക്കൗണ്ടന്റുമാര്‍ എന്നിവര്‍ക്കായി പ്രത്യേക വിലകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ 10 നിയോസിന് 60,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്. ഓറയ്ക്ക് 70,000 രൂപ വരെയാണ് കിഴിവായി ലഭിക്കുക. ഹ്യുണ്ടായ് എലാന്‍ട്രയ്ക്കും ഓഫറുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഓഫറിന്റെ ഭാഗമായി എലാന്‍ട്രയ്ക്ക് ലഭിക്കുക. ഇലക്ട്രിക് എസ്യുവി കോനയ്ക്ക് 1.5 ലക്ഷം രൂപ വരെ കിഴിവ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 24 ലക്ഷം രൂപയാണ് കാറിന്റെ എക്‌സ്‌ഷോറൂം വില. കാറുകളുടെ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ വേരിയന്റുകള്‍ക്ക് ഈ ഓഫറുകള്‍ ബാധകമാണ്.കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളായ ഐ 20, ക്രെറ്റ, വെന്യൂ, വെര്‍ണ, ട്യൂസണ്‍ എന്നിവ ഓഫറുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുകൂടാതെ, കാറുകളുടെ നിര്‍ദ്ദിഷ്ട ഓഫറുകള്‍ ഡീലര്‍മാര്‍ക്കനുസരിച്ച് വ്യത്യാസപ്പെടാം. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ ഓഫറിനെക്കുറിച്ചും വിലയെക്കുറിച്ചും അറിയുന്നതിന് അടുത്തുള്ള ഷോറൂം സന്ദര്‍ശിക്കുകയോ ഡീലര്‍മാരെ വിളിക്കുന്നതോ ആയിരിക്കും ഉചിതം.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 3,200 കോടി നിക്ഷേപം നടത്തുമെന്ന് ദക്ഷിണകൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ പറഞ്ഞു. ഇലക്ട്രിക് വാഹന നിരയില്‍ പുതിയ മോഡലുകളെത്തിക്കാനും ഹരിത മൊബിലിറ്റിയിലൂടെ പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമാണ് ഹ്യുണ്ടായ് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത്. ഇന്ത്യയില്‍ 25 വര്‍ഷത്തോളമായി തുടരുന്ന ഹ്യുണ്ടായ് മോട്ടോഴ്സ് രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയുടെ 17 ശതമാനത്തിലധികം പങ്കുവഹിക്കുന്നുണ്ട്.