കോഴിക്കോട്: പൊലീസിനെ കണ്ടു കൈയില്‍ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടര്‍ന്ന് യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിച്ചത്.
ഇന്നലെയാണ് കോഴിക്കോട് താമരശ്ശേരിയില്‍ സംഭവം ഉണ്ടായത്. താമരശ്ശേരിയില്‍ വെച്ച് പൊലീസ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയില്‍ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടിച്ചു. എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിക്കുകയും ചെയ്തു. എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികള്‍ അടങ്ങിയ കവറുകള്‍ കണ്ടെത്തിയിരുന്നു. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.