ഇസ്രയേലില്‍ ഭരണമാറ്റം: നെതന്യാഹു പുറത്തേക്ക്; മന്ത്രിസഭ ഉണ്ടാക്കാന്‍ പ്രതിപക്ഷം
ജറുസലേം: പത്തുവര്‍ഷത്തിലേറെയായി ബെന്യമിന്‍ നെതന്യാഹു ഭരണത്തിലിരിക്കുന്ന ഇസ്രയേലില്‍ ഭരണമാറ്റം. പ്രതിപക്ഷത്തിന് സഭ ഉണ്ടാക്കാന്‍ പ്രസിഡന്റ് കൊടുത്തിരുന്ന സമയം അവശേഷിക്കാന്‍ 38 മിനിറ്റ് ബാക്കിനില്‍ക്കെയാണ് വിവിധ പാര്‍ട്ടികള്‍ തമ്മില്‍ അന്തിമ ധാരണയായതും പ്രതിപക്ഷം മന്ത്രിസഭ ഉണ്ടാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതും. മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യമായ പിന്തുണ ലഭിച്ചതായി യേര്‍ ലാപിഡ് പ്രസിഡന്റായ റൂവന്‍ റിവ്ലിനെ അറിയിച്ചു. യേര്‍ ലാപിഡ് പ്രധാന മന്ത്രിയാകുമെന്നാണ് നിലവിലെ സൂചനകള്‍.
യുണൈറ്റഡ് അറബ് ലിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ കൂടി അവസാന നിമിഷം ലഭിച്ചതോടെയാണ് പ്രതിപക്ഷം ഭൂരിപക്ഷമുറപ്പിച്ചത്. ഇതോടെ പന്ത്രണ്ടു വര്‍ഷമായി ഭരണത്തില്‍ തുടരുന്ന ബെന്യമിന്‍ നെതന്യാഹുവിന് അധികാരം നഷ്ടമാകും. തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവായ നഫ്താലി ബെന്നറ്റുമായാണ് യേര്‍ ലാപിഡ് സഖ്യമുണ്ടാക്കിയത്. നഫ്താലി ബെന്നറ്റിന്റെ പേരാണ് അവസാന നിമിഷം വരെ സജീവമായി ഉണ്ടായിരുന്നതെങ്കിലും രണ്ടാമത്തെ കക്ഷിയായ യേര്‍ ലാപിഡ് തന്നെ പ്രധാനമന്ത്രിയാകും. ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റില്‍ ഭൂരിപക്ഷം തെളിയിക്കണം എന്ന കടമ്പ കൂടി ഇനി അവശേഷിക്കുന്നുണ്ട്.
അതേസമയം അവസാന നിമിഷം ഏതെങ്കിലും പാര്‍ട്ടികളെ കൂടെക്കൂട്ടി, പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനിരിക്കെ, ഒരു അട്ടിമറി ശ്രമം നടത്താനും മടിക്കില്ല നെതന്യാഹു. അഴിമതി, വഞ്ചനാക്കുറ്റങ്ങള്‍ തുടങ്ങിയവ നേരിട്ടുകൊണ്ടിരിക്കുന്ന ബെന്യമിന്‍ നെതന്യാഹുവിന്, നിയമവഴികളില്‍ നിന്ന് രക്ഷപെടണമെങ്കില്‍ പ്രധാനമന്ത്രിപദം കൂടിയേ തീരു എന്നിരിക്കെയാണ് ഈ സാധ്യതകള്‍ വിലയിരുത്തപ്പെടുന്നത്. 120 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 61 അംഗങ്ങളാണ്.
ഏറ്റവും വലിയ ഒറ്റകക്ഷിയായ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് 52 സീറ്റാണ് ലഭിച്ചത്. നെതന്യാഹു വിരുദ്ധ പക്ഷത്തിന് 57ഉം. നെതന്യാഹുവിന് പിന്തുണ തേടാന്‍ കഴിയാതെ വന്നതോടെ യേര്‍ ലാപിഡിന് അവസരം കിട്ടി. 7 സീറ്റുള്ള വലതുപക്ഷ പാര്‍ട്ടി യമിനയുടെയും 4 സീറ്റുള്ള അറബ് കക്ഷി റാആമിന്റെയും നിലപാടുകള്‍ ചില വിട്ടുവീഴ്ചകളിലൂടെ ലാപിഡിന് ലഭിച്ചു.