തിരുവനന്തപുരം: സെനറ്റ് ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തില്‍ സസ്‌പെന്‍ഷനിലായ റജിസ്ട്രാര്‍ക്ക് പിന്തുണയേറുന്നു. സംസ്ഥാനത്തെ മന്ത്രിമാരും കേരള സര്‍വകലാശാല സിന്റിക്കേറ്റ് അംഗങ്ങള്‍ക്കും പുറമെ വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്‌ഐയും കെഎസ്യുവും വിസിക്കെതിരെ രംഗത്തെത്തി.
സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ വ്യക്തമാക്കി. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്ന കാരണങ്ങള്‍ ശരിയല്ലെന്നും താന്‍ ആറ് മണിക്ക് തന്നെ സെനറ്റ് ഹാളിലെ പരിപാടിക്ക് നല്‍കിയ അനുമതി റദ്ദാക്കിയതാണ്. ഇതിന്റെ രേഖകള്‍ തന്റെ കൈവശമുണ്ട്. ഗവര്‍ണര്‍ വേദിയില്‍ എത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയതെന്ന വി സിയുടെ കണ്ടെത്തല്‍ ശരിയല്ല. താന്‍ ഗവര്‍ണറെ അപമാനിച്ചിട്ടില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.
കേരള സര്‍വകലാശാലയിലെ താത്കാലിക വിസിയായ മോഹന്‍ കുന്നുമ്മലിന് റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ചൂണ്ടിക്കാട്ടി. വിസിയുടേത് അമിതാധികാര പ്രയോഗമാണ്. സസ്‌പെന്‍ഷന്‍ ഉത്തരവ് ചട്ടലംഘനമാണ്. ആര്‍എസ്എസ് കൂറ് തെളിയിച്ചയാളാണ് വിസി. വേണ്ടി വന്നാല്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുമെന്നും അവര്‍ പറഞ്ഞു. ചാന്‍സിലര്‍മാരുടെ കാവിവത്കരണ നയം അനുവദിക്കില്ല, ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ ചാന്‍സിലര്‍ ഇടപെട്ടു, കാവിവത്കരണത്തിനുള്ള ആസൂത്രിത നീക്കമാണിതെന്നും ബിന്ദു വിമര്‍ശിച്ചു.
റജിസ്ട്രാര്‍ക്ക് നിരുപാധിക പിന്തുണയെന്ന് എസ്എഫ്‌ഐ
മതേതരത്ത്വവും യൂണിവേഴ്‌സിറ്റി നിയമവും ഉയര്‍ത്തി പിടിച്ച കേരള സര്‍വ്വകലാശാല റജിസ്ട്രാര്‍ക്ക് നിരുപാധിക പിന്തുണയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സഞ്ജീവ് വ്യക്തമാക്കി.