രണ്ടാനച്ഛന്‍ ഈ കുഞ്ഞിനോട് ചെയ്തത് കൊടും ക്രൂരത
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ മരണകാരണം നെഞ്ചിനും തലക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷതവും രക്തസ്രാവവുമാണ് മരണക്കാരണം. അതേസമയം കുട്ടിയുടെ കൈ ഒടിഞ്ഞതില്‍ അവ്യക്തതയുണ്ട്. കുട്ടിയുടെ കൈ ഒടിഞ്ഞത് പടിയില്‍ നിന്നും വീണത് എന്നാണ് അമ്മയും രണ്ടാനച്ഛനും നല്‍കിയ മൊഴി. എന്നാല്‍ അതില്‍ ദൂരഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ രണ്ടാനച്ഛന്‍ അഷ്‌കറിനെതിരെ കൊലപാതകം, കുട്ടികള്‍ക്ക് എതിരെയുളള അതിക്രമം, എസ് സി എസ്ടി വകുപ്പുകളും ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.
കുട്ടിയുടെ അമ്മ അഖിലക്ക് എതിരെ പ്രേരണ കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. അഖിലയുമായി ഒരുമിച്ച് താമസിക്കാന്‍ കുട്ടി ഒരു തടസമായിരുന്നുവെന്നാണ് അര്‍ഷാദ് പൊലീസിന് മൊഴി നല്‍കിയത്. കുട്ടിയെ ഉപദ്രവിക്കുന്നത് അഖിലയ്ക്ക് അറിയാമായിരുന്നാണ് പൊലീസും പറയുന്നത്. ഒന്നരവയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതി അഷ്‌കറിന്റെ മുന്‍കാല പശ്ചാതലത്തലവും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് പ്രതി അഷ്‌കര്‍ പിഞ്ചുകുഞ്ഞിനോട് ചെയ്തതെന്നും അഷ്‌കര്‍ കൊടുംക്രിമിനലെന്ന് വെളിപ്പെടുത്തുന്ന കൂടുതല്‍ ഗുരുതര പരാതികള്‍ പുറത്തുവന്നിരുന്നു.
അഷ്‌കര്‍ ആദ്യ ഭാര്യ ആമിനയെ ക്രൂരമായി മര്‍ദിച്ച് തലയോട്ടി തകര്‍ത്തെന്നാണ് ആമിനയുടെ കുടുംബം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ ആണ് യുവതിയിപ്പോള്‍. ഇപ്പോള്‍ ആമിനയുടെ സഹോദരന്റെ മുങ്ങി മരണത്തിലും അഷ്‌കറുമായി വിവാഹം നിശ്ചയിച്ചിരുന്ന മറ്റൊരു യുവതിയുടെ മരണത്തിലും അഷ്‌കറിന് പങ്കുണ്ടെന്നാണ് സംശയം. ഒന്നരവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തി, ആദ്യ ഭാര്യ ആമിനയെ മൃതപ്രായയാക്കി, ആദ്യം വിവാഹം നിശ്ചയിച്ചിരുന്ന യുവതി ജീവനൊടുക്കി എന്നിങ്ങനെ അഷ്‌കറിനെ കുറിച്ച് ഉയരുന്നത് അതീവ ഗുരുതര സംശയങ്ങളാണ്.