വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ണ്ണായകമായ സമാധാന ചര്‍ച്ചകള്‍ പാകിസ്ഥാനില്‍ ആരംഭിച്ചു. അഞ്ച് മണിക്കൂറോളം വൈകിയാരംഭിച്ച ചര്‍ച്ചയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വീണ്ടും ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ചര്‍ച്ച തുടരുകയാണെന്നും എന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും പറഞ്ഞ യുഎസ് പ്രസിഡന്റ്, ഈ ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാന് മേല്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തില്‍ ആക്രമണം നടത്തുമെന്നും പറഞ്ഞു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ആണ് ഇസ്ലാമാബാദില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയത്. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിക്കുന്നുണ്ട്.
ഇറാനെ തകര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അധികം വൈകാതെ ഇറാന്റെ ഭാവി എന്താണെന്ന് താന്‍ പറയാം. ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കുമെന്നും, സമാന്തരമായി മറ്റ് എണ്ണപ്പാതകള്‍ കൂടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ സഹകരണത്തോടെയോ അല്ലാതെയോ ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തന്നെ എണ്ണക്കടത്തിനായി തുറന്നു കൊടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കാനുള്ള പദ്ധതികള്‍ യുഎസ് തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെ പൂര്‍ണ്ണമായും തകര്‍ക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ നടത്താന്‍ യുഎസ് പടക്കപ്പലുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പടക്കപ്പലുകളില്‍ അത്യാധുനിക ആയുധങ്ങള്‍ നിറയ്ക്കുകയാണ്, സമാധാനം ഉണ്ടായില്ലെങ്കില്‍ അവ ഫലപ്രദമായി ഉപയോഗിക്കും എന്ന് ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു. അതേസമയം അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങള്‍ ലംഘിക്കാതിരുന്നാല്‍ മാത്രമേ ചര്‍ച്ചകള്‍ കൊണ്ട് ഗുണമുണ്ടാകൂ എന്നാണ് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് പറഞ്ഞത്. ലെബനനെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന നിബന്ധനയും ഇറാന്‍ മുന്നോട്ടുവെക്കുന്നുണ്ട്.