തിരുവനന്തപുരം : തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായതായി സംശയിക്കുന്നുവെന്ന് മന്ത്രി രാജന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി. ഗൂഢാലോചനയെ സഹായിക്കുന്ന രീതിയിലായിരുന്നു തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട ദിവസം പൊലീസിന്റെ നടപടികളെന്നാണ് മന്ത്രിയുടെ മൊഴി. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ മൊഴിയെടുത്തത്.
അന്ന് തൃശ്ശൂരിലുണ്ടായിരുന്ന ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും മന്ത്രി രാജന്‍ മൊഴി നല്‍കി. പൂരത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് സംശയിക്കുന്നതായി എം ആര്‍ അജിത് കുമാറിന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ പ്രശ്‌നം ഉണ്ടായ ശേഷം ഞാന്‍ വിളിച്ചെങ്കിലും അജിത് കുമാര്‍ ഫോണ്‍ എടുത്തില്ലെന്നുമാണ് മൊഴി. നേരത്തെയും ഈ വിവരം മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നിലടക്കം വെളിപ്പെടുത്തിയിരുന്നു. പ്രത്യേക സംഘ തലവന്‍ ഡിഐജി തോംസണ്‍ ജോസിന് മുന്നിലും മന്ത്രി എഡിജിപിക്കെതിരെ മൊഴി നല്‍കി. ഇന്നലെ രാത്രി തിരുവനന്തപുരത്ത് വച്ചായിരുന്നു മൊഴിയെടുപ്പ്.