ഇനി ഡിജിറ്റല്‍ കറന്‍സികളുടെ കാലം;
പ്രഖ്യാപനം ഉടന്‍, സൂചന നല്‍കി റിസര്‍വ് ബാങ്ക്
മുംബൈ: രാജ്യത്ത് ഡിജിറ്റല്‍ കറന്‍സികള്‍ ഉടന്‍ പുറത്തിറക്കുമെന്ന് സൂചന നല്‍കി റിസര്‍വ് ബാങ്ക്. ഇതുസംബന്ധിച്ച് ആഭ്യന്തര കമ്മിറ്റിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും ഡിജിറ്റല്‍ കറന്‍സിയുടെ (സിബിഡിസി) വികസന മാതൃക സംബന്ധിച്ച് വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ബിപി കാനുങ്കോ വ്യക്തമാക്കി. ഇന്ത്യയുടേതായ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് 2021-22 യൂണിയന്‍ ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനവുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തിയിരിക്കുന്നത്.
ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്ന പദ്ധതിയുടെ ഭാഗമായാണ് രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി അവതിരിപ്പിക്കുന്നത്. ദേശീയ തലത്തില്‍ പണം കൈകാര്യം ചെയ്യാനും ധനനയം എളുപ്പത്തില്‍ നടപ്പിലാക്കാനും നികുതി വഞ്ചകരെ പിടികൂടാനുമൊക്കെ ഡിജിറ്റല്‍ കറന്‍സിയുടെ ഉപയോഗം മൂലം സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. കാനഡ, യുഎസ്എ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളുടെ ഉപയോഗം പര്യവേക്ഷണം ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള പ്രധാന സമ്പദ്വ്യവസ്ഥകളും അതത് സെന്‍ട്രല്‍ ബാങ്കുകളും സിബിഡിസി പദ്ധതികള്‍ക്കായി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ആര്‍ബിഐ നിരീക്ഷിക്കുന്നുണ്ട്.
അതേസമയം ഇന്ത്യയുടേതായ ഡിജിറ്റല്‍ കറന്‍സി വരുന്നതോടെ രാജ്യത്ത് വിദേശ ഡിജിറ്റല്‍ കറന്‍സികള്‍ നിരോധിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസം ആരംഭിച്ച 17-ാമത് ലോക്‌സഭ ബജറ്റ് സെഷനിലാണ് ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിയുടെ നിര്‍മ്മാണത്തെക്കുറിച്ചും ഇന്ത്യയിലെ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കുന്നതിനുമുള്ള ബില്‍ സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിരുന്നു. ഇതുപ്രകാരംബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയേക്കും. കേന്ദ്ര സര്‍ക്കാരും സെന്‍ട്രല്‍ ബാങ്കും ബിറ്റ്‌കോയിന്‍ പോലുള്ള സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളെക്കുറിച്ച് ഏറെക്കുറെ ആശങ്കയിലാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.