കോഴിക്കോട്: ഓണ്‍ലൈനായി മദ്യവും ലഭ്യമാകുമോ?. അതും സ്വിഗി, സൊമാറ്റോ, ബിഗ് ബാസ്‌കറ്റ് പോലുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകള്‍ വഴി. ഇക്കാര്യത്തില്‍ ഈ കമ്പനികള്‍ കേരളം അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിന് പുറമേ ഡല്‍ഹി, കര്‍ണാടക, ഹരിയാന, പഞ്ചാബ്, തമിഴ്നാട്, ഗോവ, എന്നീ സംസ്ഥാനങ്ങളുമായാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ഓണ്‍ലൈനായി മദ്യ വിതരണം അനുവദിക്കുന്നതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തിയായിരിക്കും സര്‍ക്കാരുകളുടെ തീരുമാനം. ഈ സംസ്ഥാനങ്ങളില്‍ മദ്യത്തിന്റെ ഹോം ഡെലിവറി അനുവദിക്കുന്നതിനുള്ള പൈലറ്റ് പദ്ധതി തയ്യാറാക്കിവരികയാണ്. പ്രാരംഭ ഘട്ടത്തില്‍, ബിയര്‍, വൈന്‍, തുടങ്ങിയ വീര്യം കുറഞ്ഞ ആല്‍ക്കഹോള്‍ പാനീയങ്ങള്‍ ആയിരിക്കും വിതരണം ചെയ്യുകയെന്നാണ് സൂചന.
പശ്ചിമ ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കമ്പനികള്‍ ഇതിനകം തന്നെ മദ്യം ഹോം ഡെലിവറി ചെയ്യുന്നുണ്ട്. ഓണ്‍ലൈന്‍ വില്‍പ്പന തുടങ്ങിയ ശേഷം ഈ സംസ്ഥാനങ്ങളിലെ മദ്യവില്‍പ്പന 20 മുതല്‍ 30 ശതമാനം വരെ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രത്യേകിച്ച് പ്രീമിയം ബ്രാന്‍ഡുകളുടെ വില്‍പ്പനയാണ് ഉയര്‍ന്നത്. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളില്‍ കോവിഡ്-19 ലോക്ക്ഡൗണ്‍ സമയത്ത് ഓണ്‍ലൈനായി മദ്യ വിതരണത്തിനുള്ള താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. ലോക്ക്ഡൗണ്‍ അവസാനിച്ചതോടെ ഈ സംസ്ഥാനങ്ങളില്‍ ഹോം ഡെലിവറി സൗകര്യവും നിര്‍ത്തി.
നിയമപ്രകാരം ഉപഭോക്താക്കളുടെ എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷം മാത്രമായിരിക്കും മദ്യത്തിന്റെ ഓണ്‍ലൈന്‍ വിതരണം . പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ക്ക് മദ്യം ലഭിക്കുന്നത് തടയുന്നതിന് പ്രായ പരിശോധന ഉറപ്പാക്കും.