കോഴിക്കോട്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധിയായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ ഏപ്രില്‍ 16 ന് മുന്‍പ് 34 കോടി രൂപ മോചനദ്രവ്യം നല്‍കേണ്ടതുണ്ട്. ഈ തുക സമാഹരിക്കുന്നതിനായി നാട്ടുകാര്‍ രൂപീകരിച്ച അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ വേണ്ടി ബോചെ യാചക യാത്ര ആരംഭിച്ചു. രാവിലെ 9 മണിക്ക് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനു മുന്‍പില്‍ നിന്നും ആരംഭിച്ച യാത്ര പാളയം, പട്ടം, കേശവദാസപുരം, കേരള യൂണിവേഴ്‌സിറ്റി കോളേജ്, ശ്രീകാര്യം, കഴക്കൂട്ടം, കണിയാപുരം, മംഗലപുരം, ആറ്റിങ്ങല്‍ എന്നീ സ്ഥലങ്ങളിലൂടെ കടന്ന് പോയി. പൊതുജനങ്ങളില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ബോചെ യാചകയാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
യാചകയാത്ര നാളെ കൊല്ലം ജില്ലയില്‍ പ്രവേശിക്കും. കാസര്‍ഗോഡ് വരെയുള്ള എല്ലാ ജില്ലകളിലെയും പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, കോളേജുകള്‍, തെരുവോരങ്ങള്‍ തുടങ്ങിയ എല്ലാ പൊതു ഇടങ്ങളിലും ജനങ്ങളോട് യാചിക്കാന്‍ ബോചെ നേരിട്ട് എത്തും.
സന്മനസുള്ള എല്ലാവരും അവരവരാല്‍ കഴിയുന്ന തുക സംഭാവന നല്‍കിക്കൊണ്ട് നിരപരാധിയായ അബ്ദുള്‍ റഹീമിനെ തൂക്കുകയറില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കണമെന്നും, ഓരോരുത്തരും നല്‍കുന്ന തുക എത്ര തന്നെ ആയാലും അത് ഒരു ജീവന്റെ വിലയാണെന്നും വര്‍ഷങ്ങളായി മകനെ കാത്തിരിക്കുന്ന റഹീമിന്റെ മാതാവിന്റെ കണ്ണീരൊപ്പാനായി ഈ പുണ്യപ്രവൃത്തിയില്‍ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും പങ്കുചേരണമെന്നും ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അഭ്യര്‍ത്ഥിച്ചു.