ബംഗലൂരു: കര്‍ണാടകത്തില്‍ സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് വിവരം. കോണ്‍ഗ്രസ് ക്യാംപില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. സംസ്ഥാനത്ത് ബിജെപിയേക്കാള്‍ ഇരട്ടിയിലേറെ സീറ്റുകള്‍ നേടി വിജയിച്ച കോണ്‍ഗ്രസിന് മുന്നില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കങ്ങളില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കുക പ്രധാനമാണ്. കോണ്‍ഗ്രസില്‍ നിന്ന് ജയിച്ചുവന്ന എംഎല്‍എമാരിലും സിദ്ദരാമയ്യയെ പിന്തുണക്കുന്നവരാണ് അധികവും. അതേസമയം തെരഞ്ഞെടുപ്പില്‍ കാര്യമായി സഹായിച്ച വൊക്കലിംഗ സമുദായത്തെയും കോണ്‍ഗ്രസ് പരിഗണിക്കും. ഈ സമുദായത്തില്‍ നിന്നുള്ള ഒരാളെയും ഉപമുഖ്യമന്ത്രിയാക്കും. ഡികെ ശിവകുമാറിന് പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കുമെന്നുമാണ് വിവരം.
കര്‍ണാടകത്തില്‍ ജയിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളോടും ഉടന്‍ ബെംഗളൂരുവില്‍ എത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിദ്ദരാമയ്യയെ ആണ് മുഖ്യമന്ത്രി ആക്കേണ്ടതെന്ന് മകന്‍ യതീന്ദ്ര അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കര്‍ണാടകത്തില്‍ വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റില്‍ 137 സീറ്റിലാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. ബിജെപി 63 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 20 സീറ്റിലാണ് ഇപ്പോള്‍ നേട്ടമുണ്ടാക്കാനായത്.
അതേസമയം ബിജെപി ക്യാംപില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇത്തവണ ഉണ്ടായത്. തോല്‍വി സമ്മതിച്ച മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്നും പറഞ്ഞു. കര്‍ണാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയാണ് ബിജെപി മത്സരിച്ചതെന്ന വാദമുയര്‍ത്തി തോല്‍വിയുടെ ഭാരം നരേന്ദ്ര മോദിയുടേതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വര്‍ധനയാണ് കോണ്‍ഗ്രസിന് ഉണ്ടായത്. മൈസൂര്‍ മേഖലയില്‍ മാത്രം ആകെയുള്ള 61 സീറ്റില്‍ 35 ഉം കോണ്‍ഗ്രസ് നേടി. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. മധ്യ കര്‍ണാടകയില്‍ 25 ല്‍ 16 സീറ്റും ഹൈദരാബാദ് കര്‍ണാടകയില്‍ 41 ല്‍ 23 സീറ്റും കോണ്‍ഗ്രസ് നേടി. വടക്കന്‍ കര്‍ണാടകയില്‍ അന്‍പതില്‍ 32 സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചു. തീര മേഖലയും ബംഗളൂരുവും ആണ് ബിജെപിക്ക് ഒപ്പം നിന്നത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റില്‍ 29 എണ്ണം ബിജെപി നേടി. ന്യൂനപക്ഷ മേഖലകളില്‍ മിക്കയിടത്തും കോണ്‍ഗ്രസിന് അനുകൂലമായി വോട്ടുകളുടെ ഏകീകരണം ഉണ്ടായി.