രാജ്യത്തെ റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന്, ഇന്ത്യയിലെ കാറുകള്‍ക്ക് ആഗോള സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കണമെന്ന് വാഹന നിര്‍മ്മാതാക്കളോട് വീണ്ടും അഭ്യര്‍ത്ഥിച്ച് കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയിലെ ഭൂരിഭാഗം ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളും ആറ് എയര്‍ബാഗുകളുള്ള കാറുകള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നും രാജ്യത്തെ കാറുകള്‍ക്ക് സമാനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഗഡ്കരി പറഞ്ഞു. ഓട്ടോമോട്ടീവ് ഘടക നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ACMA) വാര്‍ഷിക സെഷനില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.
ഓരോ വര്‍ഷവും ഏകദേശം അഞ്ച് ലക്ഷം റോഡപകടങ്ങളില്‍ 1.5 ലക്ഷം പേര്‍ മരിക്കുകയും 3 ലക്ഷത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
'എനിക്കിത് മനസിലാകുന്നില്ല..' വണ്ടിക്കമ്പനികളുടെ സുരക്ഷാ ഇരട്ടത്താപ്പില്‍ ക്ഷുഭിതനായി കേന്ദ്രമന്ത്രി!
'ഇന്ത്യയിലെ ഭൂരിഭാഗം ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളും ആറ് എയര്‍ബാഗുകളുള്ള കാറുകള്‍ കയറ്റുമതി ചെയ്യുന്നു. എന്നാല്‍ ചെലവ് നിയന്ത്രിക്കാനും വില കുറയ്ക്കാനും ഇന്ത്യയില്‍ ഈ മോഡലുകള്‍ വില്‍ക്കാന്‍ അവര്‍ മടിക്കുന്നു..' ഗഡ്കരി വ്യക്തമാക്കിയതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ കൂടുതലും താഴ്ന്ന വരുമാനമുള്ള ഇടത്തരം ജനങ്ങളാണ് ചെറിയ ഇക്കോണമി കാറുകള്‍ വാങ്ങുന്നത് എന്ന് പറഞ്ഞ ഗഡ്കരി ചെറുകാറുകള്‍ ഉപയോഗിക്കുന്ന ആളുകളുടെ ജീവിതത്തെക്കുറിച്ച് ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കള്‍ ചിന്തിക്കാത്തത് എന്തുകൊണ്ടാണെന്നും ആശ്ചര്യപ്പെട്ടു.
രാജ്യത്ത് അപകടങ്ങള്‍ കുറയ്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. 'അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ സഹകരണം ഞങ്ങള്‍ക്ക് ആവശ്യമാണ്. സുരക്ഷിതമായ കാറുകള്‍ നിര്‍മ്മിക്കുന്നതിന് നിര്‍മ്മാതാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം ഉണ്ടാകണം.. ' ഗഡ്കരി പറഞ്ഞു. ഒക്ടോബര്‍ മുതല്‍ യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി കാര്‍ നിര്‍മ്മാതാക്കള്‍ എട്ട് സീറ്റുള്ള വാഹനങ്ങളില്‍ ആറ് എയര്‍ബാഗുകളെങ്കിലും നല്‍കണമെന്നത് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.