പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു


ദില്ലി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍  താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കേസിലെ മറ്റൊരു പ്രതിയായ അലന്‍ ഷുഹൈബിന്റെ  ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യവും സുപ്രീംകോടതി നിരസിച്ചു. സുപ്രീംകോടതി ജസ്റ്റിസ് അജയ് റസ്‌തോഗി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. 

ഇരുവരുടേയും മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുള്ള ശക്തമായ തെളിവുണ്ടെന്ന എന്‍.ഐ.എ വാദം തള്ളിയാണ് സുപ്രീംകോടതി താഹയ്ക്ക് ജാമ്യം അനുവദിച്ചതും അലന്റെ ജാമ്യം നിലനിര്‍ത്തിയതും. ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖയുമൊക്കെ മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവാണോ എന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു. നിരോധിത പുസ്തകം കൈവശം വയ്ക്കുകയോ മുദ്രവാക്യം വിളിക്കുകയോ ചെയ്താല്‍ എങ്ങനെ യുഎപിഎ അനുസരിച്ച്  കേസെടുക്കുമെന്ന് വാദത്തിനിടെ എന്‍ഐഎയോട് കോടതി ചോദിച്ചിരുന്നു. വാദത്തിനിടെ അലന്‍ ഷുഹൈബ്, താഹ എന്നിവരുടെ  പ്രായം സംബന്ധിച്ച്  കോടതിയില്‍ ചര്‍ച്ച ഉയര്‍ന്നപ്പോള്‍  തീവ്രവാദത്തിന് പ്രായമില്ലെന്നായിരുന്നു എന്‍ഐഎയുടെ മറുപടി. കേസെടുക്കുമ്പോള്‍ അലന്‍ ഷുഹൈബിന് 19ഉം താഹ ഫസലിന് 23മായിരുന്നു പ്രായം 

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ സിപിഐ മാവോയിസ്റ്റ് സംഘടനയുടെ അംഗങ്ങളാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയതെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വാദത്തിനിടെ കോടതിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് അലന്‍ ഷുഹൈബിനും, താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി. എന്നാല്‍, അലന്‍ ഷുഹൈബിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി തയാറായില്ല. ഈ സാഹചര്യത്തിലാണ് എന്‍.ഐ.എ സുപ്രീംകോടതിയെ സമീപിച്ചത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media