മലപ്പുറം : താനൂരില്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാവിലെ ആരംഭിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കല്‍ കോളേജ്, മലപ്പുറം താലൂക്ക് ആശുപത്രി,പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. തിരൂര്‍ ആശുപത്രിയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം. മരിച്ച അദ്‌നാന്റെ പോസ്റ്റ്‌മോര്‍ട്ടം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പൂര്‍ത്തിയായി.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 22 പേര്‍ക്കാണ് ബോട്ടപകടത്തില്‍ ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ ഏഴ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. മരിച്ചവരില്‍ പലരും ഒരേ കുടുംബത്തില്‍പ്പെട്ടവരാണ്. ഞായറാഴ്ച ദിവസമായതിനാല്‍ കൂടുതല്‍ പേര്‍ ബോട്ടില്‍ ഉല്ലാസയാത്രക്കായി എത്തിയിരുന്നതായാണ് പ്രദേശവാസികളില്‍ നിന്നും ലഭിക്കുന്ന വിവരം. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള പത്തില്‍ ഏഴ് പേരുടെയും നില ഗുരുതരമാണ്. ചികിത്സയിലുള്ളവരില്‍ കൂടുതലും കുട്ടികളാണ്.