കോഴിക്കോട്: ലോകത്തിലെ ഏറ്റവും ചെറിയ ഡ്യുവല്‍ ചേമ്പര്‍ ലീഡ്ലെസ്സ് പേസ്മേക്കര്‍ (AVEIR DR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. കോഴിക്കോട് സ്വദേശി ആയിട്ടുള്ള 70 വയസ്സുകാരനിലാണ് ഡ്യുവല്‍ ചേമ്പര്‍ ലീഡ്ലെസ്സ് പേസ്മേക്കര്‍ ചികിത്സയുമായി വിജയകരമയി പൂര്‍ത്തിയാക്കിയത്. മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ആന്‍ഡ് ഇലക്ട്രോ ഫിസിയോളജിസ്റ്റ് ഡോക്ടര്‍ അരുണ്‍ ഗോപിയുടെ നേത്രത്തിലായിരുന്നു ചികിത്സ. ഹൃദയമിടിപ്പിന്റെ താളപിഴവുകള്‍ക്ക് പൂര്‍ണ്ണമായും പരിഹാരം നല്‍കുന്ന ഈ അതിനൂതന ചികിത്സാ രീതി ഇന്ത്യയില്‍ ആദ്യമായി നമ്മുടെ കോഴിക്കോട് കൊണ്ട് വരാന്‍ സാധിച്ചതില്‍ വലിയ ചാരിതാര്‍ഥ്യമുണ്ടെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോക്ടര്‍ പി പി മുഹമ്മദ് മുസ്തഫ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .
സര്‍ജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ മനുഷ്യ ശരീരത്തിലെ ഹൃദയമിടിപ്പ് കുറഞ്ഞാല്‍ അതിനെ നിയന്ത്രണത്തില്‍ കൊണ്ട് വരുന്ന ഏറ്റവും പുതിയ ചികിത്സാ സംവിധാനമാണ് ലീഡ് ലെസ്സ് ക്യാപ്‌സൂള്‍ പേസ്‌മേക്കര്‍ .ഈ വിഭാഗത്തില്‍ ഇന്ന് ഏറ്റവും പുതിയ ടെക്‌നോളജിയുടെ സഹായത്തോടെ ലോകത്തിലെ ഏറ്റവും ചെറിയ ഡ്യുവല്‍ ചേമ്പര്‍ ലീഡ്ലെസ്സ് പേസ്‌മേക്കര്‍ ചികിത്സാ രീതിയാണ് (AVEIR DR ). പഴയ സംവിധാനത്തില്‍ ഉള്ള പേസ്‌മേക്കര്‍ നെഞ്ചില്‍ ഒരു മുറിവ് ഉണ്ടാക്കി അവിടെ ഘടിപ്പിക്കുകയും അതില്‍ നിന്ന് ഹൃദയത്തിന്റെ രണ്ട് അറകളിലേക്ക് ഓരോ വയര്‍ കടത്തിവിട്ട് അത് വഴി ഹൃദയമിടിപ്പ് നിയന്ത്രണത്തില്‍ കൊണ്ട് വരികയുമാണ് ചെയ്തിരുന്നത് .പിന്നീട് സിംഗിള്‍ ചേമ്പര്‍ ക്യാപ്‌സൂള്‍ പേസ്മേക്കര്‍ ചികിത്സാ രീതിയുടെ വരവോടെ സര്‍ജറിയും മറ്റു മുറിവുകളും ഒഴിവാക്കാന്‍ കഴിഞ്ഞെങ്കിലും ഹൃദയത്തിന്റെ രണ്ട് അറകളിലും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല എന്നത് കൊണ്ട് അത്തരത്തിലുള്ള ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിന്റെ ഗുണം ലഭിക്കാതെ പോകുകയായിരുന്നു.
എന്നാല്‍ ഇന്ന് (AVEIR DR ) ക്യാപ്‌സൂള്‍ പേസ്‌മേക്കര്‍ ന്റെ കടന്ന് വരവോടെ സര്‍ജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ ഹൃദയത്തിന്റെ രണ്ട് അറകളിലും ഈ പേസ്‌മേക്കര്‍ ഘടിപ്പിച്ച് പരസപരം വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ വഴി പ്രവര്‍ത്തിപ്പിച്ച് ഹൃദയമിടിപ്പ് സാധരണ രീതിയില്‍ നിയന്ത്രണത്തില്‍ കൊണ്ട് വരാന്‍ സാധിക്കും .