കോഴിക്കോട്: കേരളത്തില്‍ യുഡിഎഫ് തരംഗം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു. 95ലധികം സീറ്റുകളില്‍ യുഡിഎഫ് മുന്നേറുകയാണ്. 50ല്‍ താഴെ മാത്രമാണ് എല്‍ഡിഎഫിന്റെ ലീഡ്. എന്‍ഡിഎ 2 സീറ്റുകളിലും മുന്നേറുന്നുണ്ട്. എല്‍ഡിഎഫിന്റെ കോട്ടയായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ആദ്യ അഞ്ച് റൗണ്ടുകളില്‍ പിന്നിലാക്കി യുഡിഎഫിന്റെ അഡ്വ. വിപി അബ്ദുള്‍ റഷീദ് വന്‍ മുന്നേറ്റം നടത്തി. വോട്ടെണ്ണല്‍ തുടങ്ങി ഏഴാം റൗണ്ടിലാണ് പിണറായി ആദ്യമായി ലീഡിലേക്ക് എത്തിയത്. പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനും തളിപ്പറമ്പില്‍ ടികെ ഗോവിന്ദനും ലീഡ് തുടരുകയാണ്. അമ്പലപ്പുഴയില്‍ ജി സുധാകരനും മുന്നേറുകയാണ്. പാര്‍ട്ടി വിട്ട് യുഡിഎഫ് സ്വതന്ത്രരായാണ് മത്സരിക്കുന്ന ഇവരുടെ മുന്നേറ്റവും സിപിഎമ്മിന് കനത്ത തിരിച്ചടയായി. യുഡിഎഫ് ക്യാമ്പ് ഇതിനോടകം തന്നെ വിജയഹ്ലാദം ആരംഭിച്ചു. മധുരം വിതരണം ചെയ്തും മറ്റുമാണ് ആഘോഷം.