യുഎഇ, സൗദി , ബഹ്റൈന്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്ക് വീണ്ടും ഇറാന്‍ ആക്രമണം
ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തും ഇറാന്റെ ശക്തമായ ആക്രമണം. അബുദാബിയിലെ കെസാദ് സാമ്പത്തിക മേഖലയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്കു പരിക്കേറ്റു. ഒമാനിലെ സലാല തുറമുഖത്തേയ്ക്ക് ഡ്രോണ്‍ ആക്രമണമുണ്ടായി. സൗദി അറേബ്യയിലെ അമേരിക്കന്‍ വ്യോമതാവളത്തിലേയ്ക്ക് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 12 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ ജിസിസി രാജ്യങ്ങളിലേയ്ക്കാണ് ഇറാനില്‍നിന്നു ശക്തമായ ഡ്രോണ്‍- മിസൈല്‍ ആക്രമണങ്ങളുണ്ടായത്.
യുഎഇ തലസ്ഥാനമായ അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ആകാശത്തുവെച്ച് മിസൈല്‍ പ്രതിരോധിച്ചപ്പോള്‍ അവശിഷ്ടങ്ങള്‍വീണാണ് അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റത്.സാമ്പത്തികമേഖലയില്‍ രണ്ടിടത്ത് തീപ്പിടിത്തം ഉണ്ടായി. അബുദാബിയിലെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക മേഖലയാണ് കെസാദ്.
ഒമാനിലെ സലാല തുറമുഖത്തേയ്ക്ക് രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ക്രെയിന്‍ തകര്‍ന്നുവീണ് തൊഴിലാളിക്ക് പരിക്കേറ്റു. സലാല തുറമുഖം താല്‍ക്കാലികമായി അടച്ചു.സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 12 സൈനികര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. ബഹ്‌റൈനിലും പുലര്‍ച്ചെയോടെ ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഡ്രോണ്‍ ആക്രമണമുണ്ടായി. വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം തകര്‍ത്തു. ഒട്ടേറെ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായെന്നും ആര്‍ക്കും പരിക്കില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്ക കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഗള്‍ഫ് മേഖലയിലേക്കുള്ള ആക്രമണം ഇറാന്‍ കൂടുതല്‍ ശക്തമാക്കിയത്.