ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള കടലാസില്‍ കോഴിക്കറി പൊതിഞ്ഞ ഹോട്ടല്‍ നടത്തിപ്പുകാരന്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പൊലീസ് നടപടി. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് സംഭവം. ദേവീദേവന്മാരുടെ ചിത്രങ്ങള്‍ അച്ചടിച്ച പത്രത്തില്‍ നോണ്‍ വെജ് ഭക്ഷണം നല്‍കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.സംഭാലിലെ സദര്‍ കോട്വാലി പ്രദേശത്തെ ഒരു നോണ്‍ വെജ് ഹോട്ടലാണ് സംഭവം. താലിബ് ഹുസൈന്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ അച്ചടിച്ച പത്രത്തില്‍ കോഴിക്കറി പാക്ക് ചെയ്ത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിന്നാലെ ഹിമാന്‍ഷു കശ്യപ് എന്ന യുവാവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഡിജിപി, സംഭാല്‍ ജില്ല എസ്പി എന്നിവര്‍ക്ക് പരാതി നല്‍കി.
ഫെയ്സ്ബുക്കിലൂടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന്, മതവികാരം വ്രണപ്പെടുത്തിയതിന് ഹോട്ടല്‍ നടത്തിപ്പുകാരന്‍ താലിബ് ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. സാധനങ്ങള്‍ പൊതിഞ്ഞു വില്‍ക്കുന്ന പേപ്പര്‍ ഹോട്ടലില്‍ നിന്നും കണ്ടെടുത്തു. അതേസമയം അറസ്റ്റിനിടെ താലിബ് ഹുസൈന്‍ ഉദ്യോഗസ്ഥരെ കത്തി കൊണ്ട് ആക്രമിച്ചതായി പൊലീസ് പറയുന്നു. ഐപിസി സെക്ഷന്‍ 153-എ, 295-എ, കൂടാതെ 307 [കൊലപാതകശ്രമം] പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.