ടെസ്ല സൈബര്‍ ട്രക്കിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷത്തേക്ക് മാറ്റി
ടെസ്ലയുടെ വൈദ്യുത പിക് അപ്പായ സൈബര്‍ ട്രക്കിന്റെ ഉല്‍പ്പാദനം ഈ വര്‍ഷം ആരംഭിക്കില്ല. ട്രക്കിന്റെ നിര്‍മാണം 2022ലേക്കു മാറ്റിയതായി കമ്പനി ഓഫീഷ്യല്‍ വെബ്‌സൈറ്റിലൂടെ അറിയിച്ചു. രണ്ട് വര്‍ഷം മുമ്പ് 2019 ലാണു ടെസ്ല സൈബര്‍ട്രക്ക് ഔപചാരികമായി അനാവരണം ചെയ്തത്. വൈദ്യുത പിക് അപ് 2021 അവസാനത്തോടെ വില്‍പ്പനയ്‌ക്കെത്തുമെന്നും കമ്പനി അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കമ്പനി വെബ്‌സൈറ്റില്‍ സൈബര്‍ട്രക്ക് ഓര്‍ഡര്‍ ചെയ്യാനുള്ള പേജിലാണ് വാഹനത്തിന്റെ ഉല്‍പ്പാദനം 2022ലാവും ആരംഭിക്കുകയെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അപ്പോള്‍ മാത്രമാവും ഉപയോക്താവിന്റെ അഭിരുചിക്കൊത്ത് സൈബര്‍ട്രക്ക് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്ന കോണ്‍ഫിഗറേറ്റര്‍ സൗകര്യം ലഭ്യമാവുകയെന്നും വെബ്‌സൈറ്റില്‍ പറയുന്നു.
സൈബര്‍ട്രക്കിന്റെ മൂന്നു വകഭേദങ്ങളുടെയും ഉല്‍പ്പാദനം ടെസ്ല അടുത്ത വര്‍ഷത്തേക്കു മാറ്റിയിട്ടുണ്ട്. പിക് അപ്പിന്റെ മുന്തിയ പതിപ്പുകളായ ഡ്യുവല്‍ മോട്ടോര്‍, ട്രൈമോട്ടോര്‍ വകഭേദങ്ങളാവും ആദ്യം എത്തുകയെന്ന് കമ്പനി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. സൈബര്‍ട്രക്കിന്റെ എന്‍ജിനീയറിങ് ഡിസൈന്‍ അടുത്തയിടെ മാത്രമാണു ടെസ്ല പൂര്‍ത്തിയാക്കിയത് എന്നതാണ് ഉല്‍പ്പാദനം വൈകാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
മാത്രമല്ല, സൈബര്‍ട്രക്കിന്റെ സ്റ്റീല്‍എക്‌സോസ്‌കെലിറ്റന്‍ ബോഡി പോലുള്ള പുതുമകള്‍ സാധ്യമാക്കാന്‍ പുതിയ നിര്‍മാണപ്രക്രിയ തന്നെ വേണ്ടിവരുമെന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌കും നേരത്തെ സൂചിപ്പിച്ചിരുന്നു.
ടെക്‌സസിലെ ഗിഗാഫാക്ടറിയിലാവും സൈബര്‍ട്രക്ക് നിര്‍മിക്കുകയെന്നു കഴിഞ്ഞ മാസം പുറത്തെത്തിയ പ്രവര്‍ത്തനഫലങ്ങളില്‍ ടെസ്ല വ്യക്തമാക്കിയിട്ടുണ്ട്. ഇക്കൊല്ലം അവസാനത്തോടെ ഇതേശാലയില്‍ മോഡല്‍ വൈ ഉല്‍പ്പാദനം ആരംഭിക്കാന്‍ ടെസ്ല തീരുമാനിച്ചിട്ടുണ്ട്. അതിനു പിന്നാലെയാവും സൈബര്‍ട്രക്കിന്റെ നിര്‍മാണത്തിനു തുടക്കമാവുക.
അവതരണത്തെക്കുറിച്ച് അനിശ്ചിതത്വം തുടരുമ്പോഴും സൈബര്‍ട്രക്കിന് 10 ലക്ഷത്തിലേറെ ബുക്കിങ് ലഭിച്ചെന്നാണ് കമ്പനിയുടെ അവകാശവാദം. യുഎസ് വിപണിയില്‍ ആദ്യ വൈദ്യുത പിക്അപ് ട്രക്ക് വില്‍പനയ്‌ക്കെത്തിക്കാന്‍ വാഹന നിര്‍മാതാക്കള്‍ക്കിടയില്‍ കടുത്ത മത്സരം നിലവിലുണ്ട്; പക്ഷേ എല്ലാ പദ്ധതികളും വിവിധ വെല്ലുവിളികള്‍ നേരിട്ടു മുമ്പ് നിശ്ചയിച്ചതിലും വൈകിയാണു മുന്നേറുന്നതെന്നു മാത്രം.
വൈദ്യുത വാഹന നിര്‍മാതാക്കളായ റിവിയന്റെ വൈദ്യുത പിക്അപ്പായ 'ആര്‍വണ്‍ടി' ജൂലൈയില്‍ പുറത്തെത്തുമെന്നായിരുന്നു പ്രതീക്ഷ; എന്നാല്‍ പിക്അപ് ട്രക്ക് അവതരണം സെപ്റ്റംബറിലേക്കു മാറ്റിയതായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ജനറല്‍ മോട്ടോഴ്‌സിന്റെ 'ഹമ്മര്‍ ഇ വി'യും വര്‍ഷാവസാനത്തോടെ അരങ്ങേറുമെന്നാണു പ്രതീക്ഷ. ഫോഡിന്റെ 'എഫ് 150 ലൈറ്റ്‌നിങ്' ഇക്കൊല്ലം നിരത്തിലെത്താനുള്ള തയാറെടുപ്പിലാണ്.