രാജ്യത്ത് അറുപത്തിയെട്ട് ശതമാനം ആളുകളില്‍ കൊവിഡിനെതിരെയുള്ള ആന്റിബോഡി ഉള്ളതായി സര്‍വ്വേ റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: രാജ്യത്ത് അറുപത്തിയെട്ട് ശതമാനം ആളുകളില്‍ കൊവിഡിനെതിരെയുള്ള ആന്റിബോഡി ഉള്ളതായി സെറോ സര്‍വ്വേ റിപ്പോര്‍ട്ട.് അതേസമയം മൂന്നിലൊന്ന് ജനങ്ങള്‍ ഇപ്പോഴും കൊവിഡ് ഭീഷണി നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാലാമത്തെ ദേശീയ സെറോ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഈ വിവരം.
ആന്റിബോഡി ആര്‍ജിച്ചത് വാക്സിനേഷനിലൂടെയോ രോഗബാധയിലൂടെയോ ആവാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 45നും 60 നും ഇടയിലുള്ളവരിലാണ് കൂടുതല്‍ പേര്‍ ആന്റിബോഡി ആര്‍ജിച്ചത്, 77.6 ശതമാനം. ആറ് വയസിനും ഒന്‍പത് വയസിനും ഇടയിലുള്ള കുട്ടികളില്‍ 57.2 ശതമാനം പേര്‍ ആന്റിബോഡി ആര്‍ജിച്ചിട്ടുണ്ട്. പത്തിനും പതിനേഴിനും ഇടയിലുള്ള 61.6 ശതമാനം പേരിലും ആന്റിബോഡി കണ്ടെത്തി.
ആന്റിബോഡി ആര്‍ജിച്ചവരില്‍ 62.2 ശതമാനവും വാക്സിന്‍ എടുക്കാത്തവരാണെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. രണ്ട് ഡോസ് വാക്സിന്‍ എടുത്ത ആന്റി ബോഡി ആര്‍ജിച്ചവര്‍ 13 ശതമാനമാണ്.