തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ വിജിലിന്‍സ് കോടതിയില്‍ ഹര്‍ജി. രണ്ട് പേരുടെയും സ്വത്തുവിവരം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹര്‍ജി. ഹര്‍ജിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് തിരുവനന്തപുരം കോടതി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സമാനമായ പരാതി വിജിലിന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ചിട്ടുണ്ടോ, അന്വേഷിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത ഒക്‌ടോബര്‍ ഒന്നിന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. നെയ്യാറ്റിന്‍കര നാഗരാജനാണ് പരാതിക്കാരന്‍.
അതേസമയം, തുടര്‍ച്ചയായ അന്വേഷണങ്ങള്‍ വരുമ്പോഴും എഡിജിപി എംആര്‍ അജിത് കുമാറിന് മുഖ്യമന്ത്രി നല്‍കുന്നത് അത്യസാധാരണ സംരക്ഷണമാണ്. എഡിജിപിയെ മാറ്റാത്തതില്‍ സിപിഐ അടക്കമുള്ള ഘടക കക്ഷികള്‍ക്കുള്ള കടുത്ത അതൃപ്തി തള്ളിയാണ് മുഖ്യമന്ത്രിയുടെ പിന്തുണ തുടരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ എന്നാണ് ആവര്‍ത്തിക്കുന്ന സാങ്കേതിക വാദം.