ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂരപ്പന്
കാണിക്കയായി ആര്‍ദ്രയുടെ സംഗീത ശില്‍പ്പം
കോഴിക്കോട്: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂരപ്പന് കാണിക്കയായി സംഗീത ശില്‍പ്പം അവതരിപ്പിച്ച് യുവ നര്‍ത്തകി ആര്‍ദ്ര . എട്ട് മിനുട്ട് ദൈര്‍ഘ്യമുള്ള ആര്‍ദ്രയുടെ നൃത്തശില്‍പ്പം ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ യു ട്യൂബിലൂടെ കൈരളിക്കു മുന്നില്‍ സമര്‍പ്പിച്ചു. കോഴിക്കോട് സില്‍വര്‍ഹില്‍സ് പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആര്‍ദ്ര. കൊറോണ നിയന്ത്രണങ്ങളില്‍ പതിവുള്ള ഗുരുവായൂര്‍ ദര്‍ശനം രണ്ടു വര്‍ഷമായി ആര്‍ദ്രക്ക് സാധ്യമായില്ല. അതിന്റെ വിഷമം തീര്‍ക്കാനായി നൃത്തത്തിലൂടെ ദൈവ സാനിധ്യം താന്‍ അനുഭവിക്കുകയാണെന്ന് ആര്‍ദ്ര.
നാരായണീയത്തിലെ ശ്ലോകത്തില്‍ സെമിക്ലാസിക്കല്‍ നൃത്തത്തെ കഥകളി വേഷവുമായി സമന്വയിപ്പിച്ചാണ് നൃത്ത ശില്‍പ്പം ഒരുക്കിയിരിക്കുന്നത്. ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവയൂരപ്പ എന്ന കെ.എസ്. ചിത്ര ആലപിച്ച ഗാനം പശ്ചാത്തല ഭംഗിയൊരുക്കുന്നു. നരിക്കുനിയിലും പരിസരങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
കോഴിക്കോട് മലാപ്പറമ്പ് സ്വദേശികളായ മേടപ്പറമ്പില്‍ ശ്രീജിത്തിന്റെയും ഗ്രീഷ്മയുടെയെ മകളാണ് ആര്‍ദ്ര. രണ്ടാര വയസില്‍ തുടങ്ങിയ നൃത്ത പഠനം. പത്താം വയസില്‍ ഭരത നാട്യത്തില്‍ അരങ്ങേറ്റം നടത്തി. തുടര്‍ന്ന് മോഹിനിയാട്ടവും കുച്ചുപ്പുടിയും അഭ്യസിച്ചു തുടങ്ങി. ഭരതനാട്യത്തിന് നൃത്ത കലാവൈഭവ് അന്തര്‍ദേശീയ പുരസ്‌കാരം, നട് വര്‍ ഗോപീകൃഷ്ണ ദേശീയ അവാര്‍ഡ്, മുംബൈയില്‍ നടന്ന ഓള്‍ ഇന്ത്യ ഡാന്‍സ് ഫെസ്റ്റിവെലില്‍ കുച്ചുപ്പുടിയില്‍ സ്വര്‍ണ മെഡല്‍ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ചെറു പ്രായത്തില്‍ തന്നെ ആര്‍ദ്ര കരസ്ഥമാക്കിയിട്ടുണ്ട്.