ദില്ലി: ബിജെപി സര്‍ക്കാരിന് ഭരണതുടര്‍ച്ചയുണ്ടാകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്ത്.അടുത്ത ആഗസ്റ്റ് 15നും വികസന നേട്ടം പങ്കുവക്കാന്‍ ചെങ്കോട്ടയിലെത്തുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം.അടുത്ത വര്‍ഷം മോദി വീട്ടിലാകും പതാക ഉയര്‍ത്തുക എന്നായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദി പ്രസംഗത്തിലുടനീളം അടുത്ത തെരഞ്ഞെടുപ്പിലും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.അടുത്ത അഞ്ചു വര്‍ഷത്തില്‍ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും എന്നും 2047 ല്‍ ഇന്ത്യ വികസിതരാജ്യമാകും എന്നും മോദി പറഞ്ഞു.
ചെങ്കോട്ടയിലെ സ്വാതന്ത്രദിനാഘോഷ പരിപാടിയില്‍ നിന്ന് വിട്ട് നിന്ന സംഭവത്തിലും ഖര്‍ഗെ വിശദീകരണവുമായെത്തി..കണ്ണിന് പ്രശ്‌നമുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരം 9.20ന് വസതിയില്‍ കൊടി ഉയര്‍ത്തേണ്ടതുണ്ട്. അത് കഴിഞ്ഞ് എഐസിസിയിലും സ്വാതന്ത്രദിനാഘോഷ പരിപാടിയുണ്ടായിരുന്നു.പ്രധാനമന്ത്രിയുടെ സുരക്ഷ ക്രമീകരണം അനുസരിച്ച് ചെങ്കോട്ടയിലെ പരിപാടി കഴിഞ്ഞ് ഉടനെ അവിടെയെത്താന്‍ കഴിയുമായിരുന്നില്ലെന്നും ഖര്‍ഗെ പറഞ്ഞു.
എഐസിസി ആസ്ഥാനത്ത് ഖര്‍ഗെ പതാക ഉയര്‍ത്തി.രാജ്യ നിര്‍മാണത്തിന് മുന്‍കാല പ്രധാനമന്ത്രിമാരുടെ സംഭാവന അദ്ദേഹം ഉയര്‍ത്തിക്കാട്ടി .നെഹ്‌റുവാണ് പൊതുമേഖലാ സ്ഥാപനങ്ങളും ഐഐടികളും എയിംസും ഐഎസ്ആര്‍ഒയുമെല്ലാം സാധ്യമാക്കിയത്.പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം നിശബ്ദമാക്കുന്നു.പ്രതിപക്ഷ എംപിമാര്‍ സസ്‌പെന്റ് ചെയ്യപ്പെടുകയാണ്.താന്‍ സംസാരിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്യുന്നുവെന്നും ഖര്‍ഗെ പറഞ്ഞു