തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ വിലാപ യാത്ര തിരുവനന്തപുരം നഗരാതിര്‍ത്തി വിട്ടു്. പ്രിയ നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനസാഗരം റോഡിന് ഇരുവശത്തും തിങ്ങി നിറഞ്ഞു. ഇതുകാരണം വിലാപയാത്ര മന്ദഗതിയിലാണ് മുന്നോട്ട് നീങ്ങുന്നത്. വിലാപയാത്ര തിരുവനന്തപുരം നഗരാതിര്‍ത്തി പിന്നിട്ടത് മൂന്നര മണിക്കൂര്‍ സമയമെടുത്തതാണ്. റോഡരികില്‍ ഇരുവശവും നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജോലിക്കാരും റോഡരികില്‍ കാണാനായി കൂട്ടം കൂടി നില്‍ക്കുന്ന കാഴ്ച്ചയാണ് കണ്ടത്.
എതിര്‍ത്തപ്പോഴും യോജിച്ച് നിന്ന് പ്രവര്‍ത്തിച്ചപ്പോഴുമൊക്കെ പരസ്പര സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഞങ്ങള്‍ വ്യക്തി ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചതെന്ന് മന്ത്രി വിഎന്‍ വാസവന്‍. നേതൃനിരയിലേക്ക് വന്നപ്പോള്‍ തികഞ്ഞ ആത്മസംയമനത്തോടെയും സമചിത്തതയോടെയും പ്രശ്‌നങ്ങളെ സമീപിച്ചിരുന്ന ശൈലിയാണ് ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നത്. രാഷ്ട്രീയ എതിരാളികളോട് പോലും എല്ലായ്‌പ്പോഴും സ്‌നേഹ ബഹുമാനങ്ങളോടെ ഇടപെടുകയും സൗഹൃദങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ വിലാപ യാത്രക്കൊപ്പമുള്ള വാഹന വ്യൂഹത്തോടൊപ്പം സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി വിഎന്‍ വാസവനാണ് അനുഗമിക്കുന്നത്.
രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയത്. മക്കളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും പുതുപ്പള്ളിയിലേക്ക് തിരിച്ചു. മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ മുദ്രാവാക്യം വിളികളോടെയാണ് ഉമ്മന്‍ചാണ്ടിക്കൊപ്പം പുതുപ്പള്ളിയിലേക്ക് തിരിച്ചത്. പ്രത്യേകം സജ്ജീകരിച്ച ബസ്സില്‍ രമേശ് ചെന്നിത്തല,വിഡി സതീശന്‍, ഷാഫി പറമ്പില്‍ എംഎല്‍എ, അന്‍വര്‍ സാദത്ത് തുടങ്ങിയ നേതാക്കളും അനുഗമിക്കുന്നുണ്ട്. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളും വൈകാരിക നിമിഷങ്ങളും ജഗതിയിലെ വീട്ടില്‍ തളംകെട്ടി നിന്നു. നിരവധി പേരാണ് വീട്ടിലും കാണാനെത്തിയത്. വൈകിട്ട് കോട്ടയം തിരുനക്കരയിലാണ് പൊതുദര്‍ശനം. സംസ്‌കാരം നാളെ പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ നടക്കും.