ദില്ലി: ദില്ലി മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതില്‍ രാജ്യവ്യാപക പ്രതിഷേധം. ഐടിഒ പരിസരത്ത് നിന്ന് ബിജെപി ഓഫീസിലേക്ക് മാര്‍ച്ചിനൊരുങ്ങിയ ആം ആദ്മി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് വന്‍ സംഘര്‍ഷത്തിന് ഇടയാക്കി. റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രിമാരായ അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജിനെയും പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.
കൂടുതല്‍ എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധ സ്ഥലത്തേക്ക് എത്തുന്ന സാഹചര്യത്തില്‍ പൊലീസ് വിന്യാസം ശക്തമാക്കി. ദില്ലി ഐടിഒ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനാധിപത്യത്തിന് മേലുള്ള ആക്രമണമാണ് അറസ്റ്റെന്ന് ആം ആദ്മി മന്ത്രി അതിഷി പ്രതികരിച്ചു. ബിജെപി സര്‍ക്കാരിനെ ഏകാധിപത്യമാണ് നടക്കുന്നതെന്നും സമാധാനമായി പ്രതിഷേധിക്കാന്‍ അനുവദിക്കുന്നില്ലെന്നും അതിഷി വിമര്‍ശിച്ചു. അതേസമയം, അരവിന്ദ് കെജ്‌രിവാളിനെ ഇഡിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ഉച്ചയ്ക്ക് വിചാരണക്കോടതിയില്‍ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടാനാണ് ഇഡിയുടെ നീക്കം.
കെജ്രിവാളിന്റെ അറസ്റ്റിനെതിരെ സംസ്ഥാനത്തും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരേ സ്വരമാണ്. പ്രതിപക്ഷവേട്ടയാണെന്ന് വിമര്‍ശിക്കുമ്പോഴും പിണറായിയെ തൊടാത്തത് ഒത്ത് തീര്‍പ്പിന്റെ ഭാഗമാണെന്ന ആക്ഷേപവും കോണ്‍ഗ്രസ് കടുപ്പിച്ചു. പിണറായിക്കെതിരെ നാളെ നടപടി വന്നാല്‍ എന്തായിരിക്കും കോണ്‍ഗ്രസിന്റെ നിലപാടെന്നാണ് സംസ്ഥാന ബിജെപിയുടെ ചോദ്യം.